KeralaNEWS

പ്രധാനമന്ത്രിക്ക് കേരളം രക്ഷപ്പെടരുതെന്ന നിലപാട്: മുഖ്യമന്ത്രി

പാലക്കാട്: കേരളം ഒരിക്കലും രക്ഷപ്പെടരുതെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

കേരളത്തില്‍ അടിക്കടി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടില്‍ സംസ്ഥാന സർക്കാർ എടുത്ത നടപടികള്‍ക്കപ്പുറം യാതൊന്നും ഇ.ഡിക്ക് കണ്ടെത്താനായിട്ടില്ല. ആര് വിചാരിച്ചാലും കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Signature-ad

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി നല്‍കുന്നത് വാഗ്ദാനപ്പെരുമഴയാണ്. കഴിഞ്ഞ 10 വർഷത്തെ എത്ര വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചുവെന്ന് തിരിച്ചു ചോദിക്കണം. കർഷകരെ പാടെ മറന്ന സർക്കാരാണ് കേന്ദ്രത്തിലേത്. പാലക്കാട്ടെ ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കു മുന്നില്‍ മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എയിംസ് നിഷേധിക്കുന്നതും കോച്ച്‌ ഫാക്ടറി വേണ്ടെന്ന നിലപാടും ബെമല്‍ ഓഹരി വില്പനയും ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിനെ ഏറ്റെടുക്കാൻ അനുവദിക്കാത്തതും ഇതിന് ഉദാഹരണമാണ്.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനത്തില്‍ 18 യു.ഡി.എഫ് എം.പിമാരുടെ സമീപനം എന്തായിരുന്നു. ഇതെല്ലാം നോക്കിവേണം ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

മന്ത്രി എം.ബി. രാജേഷ്, കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, നൗഷാദ്, കെ.ആർ.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Back to top button
error: