KeralaNEWS

വൈസ് ചാൻസലറുടെ വിലക്ക് തള്ളി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വൈസ് ചാൻസലറുടെ വിലക്ക് തള്ളി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. സംഭവത്തില്‍ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷൻ സർവകലാശാലാ രജിസ്ട്രാറോട് വിശദീകരണം തേടി.

പരിപാടിയുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് നോഡല്‍ ഓഫിസർ കൂടിയായ സബ്കലക്ടർ ഡോ. അശ്വതി ശ്രീനിവാസ് ആവശ്യപ്പെട്ടത്.

സർവകലാശാലയിലെ ഇടത് അനുകൂല ജീവനക്കാരുടെ സംഘടനായ കേരള സർവകലാശാല എംേപ്ലായീസ് യൂനിയൻ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായാണ് ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്‍റെ പ്രഭാഷണം സംഘടിപ്പിച്ചത്. പ്രതിപക്ഷ സംഘടനാ ആഭിമുഖ്യമുള്ള ചിലർ നല്‍കിയ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ രാഷ്ട്രീയ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മല്‍ രജിസ്ട്രാർക്ക് നിർദേശം നല്‍കിയിരുന്നു.

അതേസമയം പ്രഭാഷണം തടയാൻ വി.സി നടത്തിയ നീക്കത്തെ ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു. ചർച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകാനുള്ളതാണ് സർവകലാശാലകളെന്നും വി.സിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ഒന്നിനെ പറ്റിയും വി.സിക്ക് ധാരണയില്ല. ഇങ്ങനെയുള്ള പ്രഭാഷണങ്ങള്‍ വി.സിയാണ് സംഘടിപ്പിക്കേണ്ടത്. ജനാധിപത്യം എന്താണെന്ന ധാരണ വി.സിക്ക് ഇല്ല. ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ച്‌ ചേർന്നാല്‍ ഇത്തരം ഉത്തരവുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: