ജയവിജയന്മാർ മലയാള സംഗീതലോകത്ത് ഒരു വിസ്മയമായിരുന്നു. ഗായകരും സംഗീതജ്ഞന്മാരുമായ ആ ഇരട്ടസഹോദരന്മാരുടെ സംഗീതയാത്രയിൽ ഒട്ടവധി അപൂർവ്വതകൾ നമ്മുടെ ഗാനശാഖയ്ക്കു ലഭിച്ചു.
പക്ഷേ ഒപ്പമുണ്ടായിരുന്ന ഇരട്ടസഹോദരൻ കെ.ജി വിജയന്‍റെ വിയോഗം ജയനെ ഒട്ടൊന്നുമല്ല തകർത്തു കളഞ്ഞത്. തൃശിനാപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കെ.ജി വിജയൻ അപകടത്തിൽ മരിക്കുന്നത്. സഹോദരന്‍റെ വിയോഗത്തെത്തുടർന്ന് മാനസികമായി തളർന്ന ജയൻ ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽ പോലും വിടചൊല്ലി, ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെ കഴിഞ്ഞ നാളുകൾ…
അക്കാലത്താണ് തിരുവനന്തപുരത്തുവച്ച് ഗായകൻ യേശുദാസിനെ യാദൃശ്ചികമായി കാണുന്നത്:
‘‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. പാട്ടിലേക്കു മടങ്ങി വരൂ. വിഷുക്കാലത്തിനായി സന്തോഷമുള്ള കുറെ കൃഷ്ണഭക്തിഗാനങ്ങൾ ചെയ്യൂ. രമേശൻ നായർ എഴുതിയാൽ അസ്സലാവും. കസെറ്റ് തരംഗിണി ഇറക്കാം’’
യേശുദാസ് നിർബന്ധിച്ചു.
അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു രമേശൻ നായർ. ജയൻ നേരെ രമേശൻ നായരുടെ വീട്ടിലെത്തി യേശുദാസിന്റെ നിർദ്ദേശത്തെപ്പറ്റി പറഞ്ഞു. അന്നു രാത്രിതന്നെ ഇരുവരും പാട്ടുണ്ടാക്കാനിരുന്നു. രമശേൻ നായരുടെ രചനയും ജയൻ്റെ സംഗീതവും.
നേരം പുലർന്നപ്പോഴേക്കും ‘മയിൽപ്പീലി’ എന്ന ആൽബത്തിലെ ഒൻപതു പാട്ടും പിറന്നുകഴിഞ്ഞു.
പിറ്റേന്നുതന്നെ ജയനും രമേശൻ നായരുംകൂടി തരംഗിണിയിലെത്തി യേശുദാസിനോട് പാട്ടുകൾ തയാറാണെന്ന് അറിയിച്ചു. ആൽബത്തിലെ ‘ചന്ദനചർച്ചിതം…’ എന്ന ഒരുപാട്ടു മാത്രമേ യേശുദാസ് കേട്ടുള്ളൂ.
‘ഒരുപാട്ടുകൊണ്ടുതന്നെ തൃപ്തിയായി. വേറെയൊന്നും കേൾക്കേണ്ട. എത്രയും വേഗം റിക്കോർഡ് ചെയ്തേക്കാം’ അദ്ദേഹം പറഞ്ഞു.
കുറച്ചു പാട്ടുകൾ തിരുവനന്തപുരത്തും ബാക്കി ചെന്നൈയിലുമായിരുന്നു റിക്കോർഡിങ്.
തരംഗിണി പുറത്തിറക്കിയ ‘മയിൽപ്പീലി’ എന്ന ഈ സംഗീത ആൽബം വൻ ഹിറ്റായിരുന്നു. ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ…’ അണിവാകച്ചാർത്തിൽ ഞാൻ…’ ചന്ദനചർച്ചിത…’ ചെമ്പൈക്കു നാദം…’ ഗുരുവായൂരപ്പാ നിൻ…’ ഹരികാംബോജി രാഗം…’ നീയെന്നെ ഗായകനാക്കി…’ ഒരു പിടി അവിലുമായി…’ യമുനയിൽ ഖരഹരപ്രിയ…’
എന്നിങ്ങനെ ഒന്നിനൊന്നു കിടപിടിക്കുന്ന കൃഷ്ണഭക്തി ഗാനങ്ങൾ… എല്ലാം പാടിയത് യേശുദാസ്! ഇന്നോളമിറങ്ങിയ കൃഷ്ണഭക്തി ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ‘മയിൽപ്പീലി’യിലെ ഈണങ്ങൾ പിറന്നതു ജയൻ്റെ ദുഃഖസാന്ദ്രമായ മനസ്സിൽ നിന്നായിരുന്നു.