കൊല്ലം: എൻ.ഡി.എ സ്ഥാനാർഥി ജി കൃഷണകുമാറിൻ്റെ റോഡ് ഷോയില്‍ പങ്കെടുത്തത് വ്യാജ മെത്രാൻ. സംഭവം പുറത്തായതോടെ ബി.ജെ.പി ജില്ലാ ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി.
പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡു ഷോയിലാണ് തട്ടിപ്പുകേസുകളിലെ പ്രതി കൊല്ലം കടപ്പാക്കട റെയില്‍വേ മേല്‍പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് മെത്രാൻ വേഷത്തില്‍ പങ്കെടുത്തത്.
പരിപാടിയുടെ വാർത്തയും ഫോട്ടോയും പാർട്ടി പത്രം പ്രാധാന്യത്തോടെ നല്‍കിയിരുന്നു.പിന്നാലെ ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നേതൃത്വം വെട്ടിലായത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷ്യൻ ഡോ. ബസേലിയോസ് മാർത്തോമ്മാ യാക്കോബ് പ്രഥമൻ കാതോലിക്കാ ബാവ എന്ന പേരിലാണ് ജെയിംസ് ജോർജ് റോഡ് ഷോയില്‍ പ്രത്യക്ഷപ്പെട്ടത്.
തട്ടിപ്പുകാരനെ മെത്രാൻ വേഷത്തിൽ പങ്കെടുപ്പിച്ചത് കൃഷ്ണകുമാർ ഉൾപ്പടെയുള്ള ചില നേതാക്കളുടെ അറിവോടുകൂടിയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.ടൗണില്‍ തന്നെയുള്ള നേതാക്കള്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുൻനിരയില്‍ എത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
തട്ടിപ്പിലൂടെ ജയിംസ് ജോർജ് സമ്ബാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ബി ജെ പിക്കാർ വാഗ്ദാനം ചെയ്തതിനാലാണ് വേഷം കെട്ടിച്ച് ജയിംസിനെ ഇറക്കിയതെന്നന്നാണ് സൂചന.ഇതുവഴി ക്രൈസ്തവ വോട്ടുകൾ നേടാമെന്നാണ് കരുതിയതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ മുന്നണിക്കും ബി.ജെ.പിക്കും വളരെ നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം