ന്യൂഡല്‍ഹി: അയല്‍വീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി മോത്തി നഗറില്‍ താമസിക്കുന്ന അജിത്കുമാര്‍ (30) ആണു പിടിയിലായത്. വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ വീടിനടുത്തുള്ള കടയിലെ ഫോണിലേക്കു വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ശേഷം സ്ഥലത്തെത്തിയ ഇയാള്‍ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നു.
പണം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കടയിലേക്കു ഫോണ്‍ ചെയ്തിരുന്നു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചാണു വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.