KeralaNEWS

കണ്‍വെന്‍ഷന്‍ വിളിക്കാന്‍ സജി മഞ്ഞക്കടമ്പില്‍; വീണ്ടും പിളരാനൊരുങ്ങി കേരളാ കോണ്‍ഗ്രസ്

കോട്ടയം: സജി മഞ്ഞക്കടമ്പിലും സംഘവും കേരള കോണ്‍ഗ്രസ് വിട്ടതോടെ മറ്റൊരു പിളര്‍പ്പിന് അരങ്ങൊരുങ്ങുന്നു. സജി മാത്രമാണ് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിടുന്നതെന്നു കരുതിയെങ്കിലും ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളിക്കുന്നം അടക്കമുള്ള ഏഴുപേര്‍ പാര്‍ട്ടിവിട്ട് സജിക്കൊപ്പം ചേര്‍ന്നു. ഇവര്‍ പ്രത്യേക വിഭാഗമാകുമെന്നാണ് സൂചന.

ഏപ്രില്‍ 15-ന് കണ്‍വെന്‍ഷന്‍ വിളിക്കുന്നതോടെ മറ്റൊരു പിളര്‍പ്പിന് വഴിയൊരുക്കും. 17 വലിയ പിളര്‍പ്പുകളാണ് വിവിധ കേരള കോണ്‍ഗ്രസുകളില്‍ 1977 മുതല്‍ ഉണ്ടായിട്ടുള്ളത്. ഇത് 18-ാമത്തെ പിളര്‍പ്പാകും. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് (എം) വിട്ട പി.എം. മാത്യു സമാനമനസ്‌കരെ ഒപ്പംകൂട്ടി സംഘമായി പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ എത്തിയേക്കും. കടുത്തുരുത്തി മുന്‍ എം.എല്‍.എ.കൂടിയായ മാത്യുവിന്റെ വരവ് മേഖലയില്‍ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മോന്‍സ് ജോസഫ്.

Signature-ad

പി.ജെ. ജോസഫിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഒട്ടും എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സജി മുന്നോട്ടുപോകുന്നത്. എക്സിക്യുട്ടീവ് ചെയര്‍മാന്‍ പദവിയിലുള്ള മോന്‍സ് ജോസഫിനോടു മാത്രമാണ് സജിക്കും കൂട്ടര്‍ക്കും എതിര്‍പ്പ്. സജിയെ യു.ഡി.എഫിന്റെ ഭാഗമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ചില കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്. അനൂപ് ജേക്കബ്ബിന്റെ കേരള കോണ്‍ഗ്രസുമായിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കാമെന്ന സൂചനയുമുണ്ട്.

 

Back to top button
error: