കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും നിയമക്കുരുക്ക്. അന്‍വറിന്റെ ഉടമസ്ഥതയില്‍ ആലുവയിലുള്ള കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേസെടുക്കാതിരുന്ന വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ജസ്റ്റിസ് കെ.ബാബുവിന്റെ നിര്‍ദേശം.
ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 2018 ഡിസംബര്‍ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാര്‍ട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തില്‍ ബാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബര്‍ എന്നയാളാണ് നടത്തിപ്പുകാരന്‍.
19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.5 ലിറ്റര്‍ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വില്‍ക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നല്‍കിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു പരാതി. എന്നാല്‍ എക്‌സൈസ് സംഘം ഉടമസ്ഥന്റേയോ നടത്തിപ്പുകാരന്റെയോ പേര് കേസില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതിയുടെ നടപടി.