CrimeNEWS

ഇസ്രയേലില്‍ സര്‍ക്കാര്‍വിരുദ്ധ റാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധറാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നവരിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാര്‍ നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.

സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. വാഹനത്തിലെ മറ്റ് യാത്രക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Signature-ad

‘റോഡ് തടസപ്പെടുത്തുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും അസഹനീയമാണെങ്കിലും എല്ലാവരും സംയമനം പാലിക്കണം’- എന്നാണ് ഇസ്രയേല്‍ ആശയവിനിമയ മന്ത്രി ഷ്ലോമോ കാര്‍ഹി സംഭവത്തെക്കുറിച്ച് എക്സില്‍ കുറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം സഖ്യത്തിനകത്തും പുറത്തുമുള്ള ഇടത് നേതാക്കള്‍ക്കാണെന്നും കാര്‍ഹി കുറ്റപ്പെടുത്തി. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അക്രമവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപിച്ചും, സംഭവത്തെ അപലപിച്ചും ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡും രംഗത്തുവന്നു.

അതേസമയം, ഗാസയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഖാന്‍ യൂനുസിലും മറ്റുമായി ചെറുത്തുനില്‍പ്പ് പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഖാന്‍ യൂനുസിലും പരിസരങ്ങളിലും കഠിന പോരാട്ടമാണ് നടക്കുന്നതെന്ന് ഇസ്രായേല്‍ സൈനിക വക്താവും പ്രതികരിച്ചു.

അതിനിടെ, ചെങ്കടലില്‍ ഒരു കപ്പലിനു നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണമുണ്ടായി. ഗസ്സയിലേക്ക് ഭക്ഷണവും വഹിച്ചുളള കൂടുതല്‍ ട്രക്കുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബോധപൂര്‍വമല്ലെന്ന ഇസ്രായേല്‍ വിശദീകരണം വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ തള്ളിയിരുന്നു. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

Back to top button
error: