തൃശൂര്‍: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വര്‍ണം അരിച്ചെടുക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാല്‍ (25) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാള്‍ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവര്‍മഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയാണ് പ്രതികള്‍ ചെയ്തുവരുന്നത്.
മുന്‍പും ശ്മശാനത്തില്‍നിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ക്കോ ഇവിടെയുള്ള തൊഴിലാളികള്‍ക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.