NEWSPravasi

വിദഗ്ധ തൊഴിലാളി വിസയ്ക്ക് ശമ്പളപരിധി 48% കൂട്ടി ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വര്‍ധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേര്‍ക്ക് ഇതു ദോഷമാകും.

കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വര്‍ധന നടപ്പില്‍ വരുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് വിദേശത്തു നിന്നുള്ളവരെ തൊഴിലിനു നിയോഗിക്കാന്‍ ഇനി കമ്പനികള്‍ക്കാവില്ല. ബ്രിട്ടനിലുള്ളവര്‍ക്കു നല്‍കുന്ന അതേ തുക തന്നെ വിദേശ തൊഴിലാളികള്‍ക്കും നല്‍കേണ്ടിവരും. തദ്ദേശീയര്‍ ആവശ്യത്തിനുള്ള മേഖലകളില്‍ അവരെ പരിശീലിപ്പിച്ച് ജോലിക്കെടുത്തശേഷമേ ഇനി വിദേശ വിദഗ്ധ തൊളിലാളികളെ നിയോഗിക്കാനാവൂ. ആവശ്യമായ മേഖലകളില്‍ മാത്രം നിപുണരായ വിദേശികളുടെ സേവനം പ്രയോജനപ്പെടുത്താം.

കുടുംബ വിസയില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം വരും. ഈ മാസം 11 മുതല്‍ 29,000 പൗണ്ട് (30 ലക്ഷത്തോളം രൂപ) വരുമാനമുള്ളവര്‍ക്കേ ആശ്രിതരെ കൊണ്ടുവരാനാവൂ. അടുത്ത വര്‍ഷം ഇത് 38,700 പൗണ്ടായി ഉയരും. നിലവില്‍ 18,600 പൗണ്ടായിരുന്നു. വിദ്യാര്‍ഥി വീസയിലെത്തുന്നവര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആശ്രിതരെ കൊണ്ടുവരുന്നതിനു കഴിഞ്ഞ മാസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വിദഗ്ധ തൊഴില്‍, ആരോഗ്യ മേഖലകളില്‍ പ്രധാനമായും ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് പുതിയ നിബന്ധനകള്‍ കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 11% കുറവുണ്ടായിരുന്നു.

Back to top button
error: