1991 മുതല്‍ 1996 വരെ നരസിംഹ റാവു സർക്കാരില്‍ ധനമന്ത്രിയായിരുന്നു. 1991 ഒക്ടോബറില്‍ അസമില്‍നിന്നുള്ള അംഗമായാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തിയത്. 2004 മുതല്‍ 2014 വരെ പത്ത് വർഷം അദ്ദേഹം രാജ്യത്തിൻെറ പ്രധാനമന്ത്രിയായി.
92 വയസ്സുള്ള അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്.നീണ്ട 33 വര്‍ഷങ്ങള്‍ ആ സഭയിലുണ്ടായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ പല തലമുറകളെ കണ്ടു. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അന്തസ്സോടെ ഭരിച്ചു, അന്തസ്സോടെ തന്നെ പടിയിറങ്ങി. വാക്കുകള്‍ മൃദുവായിരുന്നുവെങ്കിലും നിലപാടുകളില്‍ വ്യക്തതയുണ്ടായിരുന്നു. നെഹ്റു കുടുംബത്തിന്റെ ബിനാമി എന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് അദ്ദേഹം സര്‍ക്കാറിനെ നയിച്ചത്. ജനാധിപത്യ മാര്‍ഗത്തില്‍ നിന്ന് ഒരിക്കല്‍ പോലും അദ്ദേഹം തെന്നിപ്പോയില്ല.
സൗമ്യനാണ്, മൃദുഭാഷിയാണ്. പക്ഷേ പറയുന്ന ഓരോ വാക്കിലും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടായിരുന്നു. ഒച്ചയിട്ടല്ല അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അദ്ദേഹം മികച്ച സ്റ്റേജ് പെര്‍ഫോമര്‍ ആയിരുന്നില്ല. പക്ഷേ ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു, ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു. വിത്തെടുത്തു കുത്തുകയോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യം ആപതിക്കാതിരുന്നത് ആ ദീര്‍ഘ വീക്ഷണം കാരണമാണ്.
1991ലെ നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രി ആയിട്ടാണ് അധികാരത്തിലേക്ക് മന്മോഹന് സിംഗ് ചുവടുവെച്ചത്. എന്തുകൊണ്ട് റാവു രാഷ്ട്രീയക്കാരനല്ലാതിരുന്ന ഒരാളെ ധനമന്ത്രിക്കസേരയിലിരുത്തി? സാമ്പ്രദായിക രാഷ്ട്രീയക്കാരന്റെ ട്രിപ്പീസുകളിക്ക് രക്ഷപ്പെടുത്താന്‍ കഴിയാത്ത പരുവത്തിലായിരുന്നു അന്നത്തെ സമ്പദ് വ്യവസ്ഥ. വിദേശനാണ്യ നിക്ഷേപത്തിലടക്കം വലിയ ഇടിവുണ്ടായ കാലമാണത്. അന്ന് ഒരു ധനകാര്യ വിദഗ്ധന്‍ മാത്രമേ സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകരാന്‍ കഴിയുകയുള്ളൂ എന്ന ബോധ്യത്തിലാണ് മന്മോഹന് സിംഗിന് നറുക്ക് വീഴുന്നത്.
. ധനമന്ത്രി ആയപ്പോഴും പില്ക്കാലത്ത് പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തലയുയര്‍ത്തി നിന്നത് ഇക്കണോമിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഒന്നുകൊണ്ട് മാത്രമാണ്. സാമ്പത്തിക മാന്ദ്യം ലോകത്തെയാകെ പിടിച്ചുലച്ചപ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ പോറലേറ്റില്ല. രാജ്യത്തിന്റെ തൊഴില്‍ മേഖല ഇടറി വീണുപോയില്ല, അന്താരാഷ്ട്ര സൂചികകളില്‍ നമ്മള് കൂപ്പുകുത്തിയില്ല
കുലീനമായ പെരുമാറ്റം കൊണ്ടാണ് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് നേടിയത്. പ്രതിച്ഛായാ നിര്‍മിതിക്കും പി ആര് വര്‍ക്കിനും വേണ്ടി സ്വദേശത്തോ വിദേശത്തോ അദ്ദേഹത്തിന് ഏജന്‍സികള്‍ ഉണ്ടായിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ അദ്ദേഹം ലോകരാഷ്ട്ര നായകരുടെ ബഹുമാനം പിടിച്ചുപറ്റി. ഭരണഘടനക്കും രാജ്യത്തിനും മുകളില്‍ താനെന്ന വ്യക്തിയെ സ്വയം പ്രതിഷ്ഠിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഞാനാണ് രാജ്യം, ഞാനാണ് പാര്‍ട്ടി എന്നല്ല അദ്ദേഹം ചിന്തിച്ചത്. അധികാരത്തെ ഉത്തരവാദിത്വമായി കണ്ടു.
ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്തുന്നതൊന്നും ചെയ്തില്ല. ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെ കുറിച്ച് തികഞ്ഞ ബോധ്യത്തോടെ പ്രവര്‍ത്തിച്ചു. പാര്‍ലിമെന്റിനെ അദ്ദേഹം നിസ്സാരമായി കണ്ടില്ല. സഭ നടക്കുമ്പോഴെല്ലാം അദ്ദേഹം ഡല്‍ഹിയിലുണ്ടാകും, സഭയില്‍ ഹാജരാകും. പ്രതിപക്ഷത്തെ പരിഗണിച്ചു. അവരുടെ വാക്കുകള്‍ മുഖവിലക്കെടുത്തു. തന്നെ പരിഹസിച്ചവരോടും മാന്യത വിടാതെ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ് എന്ന രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അവരെ സഹിഷ്ണുതയോടെ കേട്ടു,
നാളെ അധികാരത്തിലുണ്ടാകുമോ എന്നതില്‍ അദ്ദേഹം ആധിപ്പെട്ടില്ല. അധികാരം നേടാന്‍ മതത്തെ കളത്തിലിറക്കിയില്ല, വര്‍ഗീയത പറഞ്ഞില്ല, ദേശീയ ഏജന്‍സികളെ കയറൂരി വിട്ടില്ല, പ്രതിപക്ഷ നേതാക്കളെ വേട്ടയാടിപ്പിടിച്ചില്ല, ഒരു പാര്‍ട്ടിയെയും പിളര്‍ത്തിയില്ല, എം പിമാരെ വിലക്ക് വാങ്ങിയില്ല, കൂറുമാറ്റം പ്രോത്സാഹിപ്പിച്ചില്ല, ജുഡീഷ്യല്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയില്ല, അസന്മാര്‍ഗികമായ ഒന്നും ചെയ്തില്ല. ചുരുക്കത്തില്‍, സമഗ്രാധിപത്യത്തിന്റെ സമ്പൂര്‍ണ വിപരീതമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജെന്റില്മാന് ആയി അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. 2014ല്‍ അധികാരം നഷ്ടമായപ്പോള്‍ സ്ഥാനമോഹികളുടെ ക്യൂവില്‍ പോയി നിന്നില്ല. അടുത്തൂണ്‍ പറ്റുന്നവരെ കാത്തിരിക്കുന്ന ഒരു പ്രലോഭനത്തിനും വഴങ്ങിക്കൊടുത്തില്ല. തന്റെ മികവിനെ സ്വയം വില്‍പ്പനക്ക് വെച്ചില്ല, തന്നെ വിലക്കെടുക്കാന്‍ ആരെയും അനുവദിച്ചൂമില്ല.
കള്ളപ്പണം തടയാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന 2016ലെ നോട്ട് നിരോധനം ഭീമാബദ്ധമാണെന്നായിരുന്നു മന്മോഹന് സിംഗിന്റെ നിലപാട്. ‘സാങ്കേതികമായും സാമ്പത്തികമായും ഇത്തരമൊരു സാഹസം ആവശ്യമുണ്ടായിരുന്നില്ല. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെയാകെ കള്ളന്മാരും രാജ്യദ്രോഹികളുമായി കാണുന്ന രീതി ജനാധിപത്യ സംവിധാനത്തില്‍ യോജിച്ചതല്ല.’ ആ വാക്കുകള്‍ പ്രവചനം പോലെ പുലരുന്നത് രാജ്യം പിന്നീട് കണ്ടു.
2014 -ൽ അധികാരം വിട്ടൊഴിഞ്ഞ ശേഷവും രാജ്യസഭയില്‍ പതിറ്റാണ്ട് കാലം സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗമായി നിലകൊണ്ടു ഡോ. മന്മോഹന് സിംഗ്. ചര്‍ച്ചകളിലും നിയമ നിര്‍മാണങ്ങളിലും സജീവമായി ഇടപെട്ടുതന്നെയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെപ്പോലൊരാള്‍ സഭയുടെ പടിയിറങ്ങുമ്പോള്‍ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയാണ്. ജനാധിപത്യം മാന്യന്മാരുടെ ഇടപാടാണെന്ന്/ അങ്ങനെയാകണമെന്ന് പുതുകാല രാഷ്ട്രീയ നേതൃത്വത്തെ സൗമ്യമായി ഓര്‍മിപ്പിച്ചുകൊണ്ട് തന്നെയാണ് ആ ജ്ഞാനവൃദ്ധന്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.