IndiaNEWS

കണക്കുകൾ വ്യക്തം; ഇത്തവണ ബിജെപി അടിപടലം നിലം പൊത്തും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400ന് മുകളില്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഈ ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍  2019-ൽ കിട്ടിയ പോലെ മുഴുവന്‍(25/25) സീറ്റും ദക്ഷിണേന്ത്യയിലെ കർണാടകത്തിൽ കഴിഞ്ഞതവണ ലഭിച്ച 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകളും ഇത്തവണയും ബിജെപിക്ക് സ്വന്തമാക്കാനാകണം.
കഴിഞ്ഞ തവണ ഈ പ്രകടനം കാഴ്ചവച്ചിട്ടു പോലും 303 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചതെന്നോർക്കണം.പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും ഉള്‍പ്പടെ ദേശീയ വികാരം അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. അതിനാല്‍ രാജസ്ഥാനിൽ ഇത്തവണ 25ല്‍ 25 ഉം എന്നത് ആവര്‍ത്തിക്കുക അത്ര എളുപ്പമായേക്കില്ല ബിജെപിക്ക്.
തന്നെയുമല്ല, വലിയ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിലെ അനൈക്യവും ആഞ്ഞടിച്ച കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍പ്പോലും 200ല്‍ 70 സീറ്റ് കോണ്‍ഗ്രസ് നേടിയ സംസ്ഥാനമാണ് രാജസ്ഥാന്‍.അതായത് രാജസ്ഥാനിൽ അത്രയെളുപ്പം കോൺഗ്രസിനെ എഴുതിതള്ളാൻ ആവില്ലെന്ന് !
ഇനി തെക്കോട്ടു പോയാൽ കഴിഞ്ഞ തവണ കർണാടകയില്‍ ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് നടത്തിയത്.എന്നാൽ കഴിഞ്ഞതവണ കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നു.അതിനാൽ തന്നെ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.പക്ഷെ ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു.ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഇവിടങ്ങളില്‍ വൻ മുന്നേറ്റം നടത്തുമെന്നാണ് സർവമാന സർവേകളും പ്രവചിക്കുന്നത്.
കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഇത്തവണയും ഒരു സീറ്റു പോലും ബിജെപിക്ക് ലഭിക്കാൻ സാധ്യതയില്ല.തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ കഴിഞ്ഞ തവണപോലും ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര,തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടുമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള സർവ സർവേകളിലും പറയുന്നത്.വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്നതും ഇക്കുറി സംശയമാണ്.

Signature-ad

ഇതിന് പുറമെ  കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഡല്‍ഹിയിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും ബി.ജെ.പി.യെ പ്രതികൂല ചർച്ചകളിലേക്കാണ് വലിച്ചിറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ത്തന്നെ കെജ്രിവാള്‍ രാജിവെക്കുമെന്ന ധാരണയും തെറ്റി. ജയിലിലും നേതൃത്വം തുടരാനുള്ള കെജ്രിവാളിന്റെ തീരുമാനം ആം ആദ്മി പാർട്ടിയുടെ പോരാട്ടവീര്യത്തെ ആളിക്കത്തിക്കുകയും ഇതിനകം വൈകാരിക ചർച്ചകള്‍ക്ക് ഇടംതുറക്കുകയും ചെയ്തിട്ടുണ്ട്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് കണ്ടത്.

തന്നെയുമല്ല, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികളിൽ നിന്ന് വിട്ടുവന്നവരാണ്.ഇത്തരത്തില്‍ കൂറുമാറിയെത്തിയവരിലേറെയും കോണ്‍ഗ്രസില്‍ നിന്നാണ്.എന്നാല്‍ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സ്വന്തം നേട്ടം മാത്രം ലക്ഷ്യംവെച്ച്‌ വന്നവരെ സ്ഥാനാർഥിയാക്കിയതില്‍ ബിജെപിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.പലയിടത്തും കാലുവാരൽ നടക്കുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് കാര്‍ഷികപ്രതിസന്ധിയും കർഷക സമരവും തൊഴിലില്ലായ്മയും ജലദൗര്‍ലഭ്യവും തിരഞ്ഞെടുപ്പ് ബോണ്ടും അഗ്‌നിവീര്‍ പോലുള്ള കേന്ദ്രതീരുമാനങ്ങളും  തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി ഉയർന്നുവന്നിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് , മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന സീറ്റുകളാകും ബിജെപിയുടെ ഇത്തവണത്തെ ഭാവി നിർണയിക്കുക.ബിഹാറിൽ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്.ഇവിടെ ബിജെപി 17 സീറ്റുകളിൽ മത്സരിക്കും.സംസ്ഥാനത്തെ ഏറ്റവും വലിയ സഖ്യകക്ഷിയായ ജനതാദൾ (യു) 16 സീറ്റുകളിലും ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള പാർട്ടി (രാം വിലാസ്) അഞ്ച് സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം), രാഷ്ട്രീയ ലോക് മോർച്ചയും (ആർഎൽഎം) ഓരോ സീറ്റിലും മത്സരിക്കും.

ഉത്തർപ്രദേശില്‍ 80 സീറ്റുകളാണുള്ളത്.മധ്യപ്രദേശില്‍ 29 ഉം, ഗുജറാത്തില്‍ 26 ലോക്സഭാ സീറ്റുകളുമാണുള്ളത്.ഇത് മൊത്തം തൂത്തുവാരിയാലും 175 സീറ്റുകളേ ആകുകയുള്ളൂ.ഇനി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എൻഡിഎ മുന്നണി കുറേക്കൂടി സീറ്റുകൾ നേടിയാലും കേവല ഭൂരിപക്ഷമായ 273 ന് അടുത്തെത്തില്ലെന്നു തന്നെയാണ് സൂചന.രാജ്യത്ത് 543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Back to top button
error: