കോണ്‍ഗ്രസ് ഭരണകാലത്താണ് (1974) കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് വിവാദമായത്. തമിഴ് രാഷ്ട്രീയത്തിന്റെ അതിരിനപ്പുറത്തേക്ക് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പ്രഹരിക്കുന്നതിനൊപ്പം തമിഴ് വികാരം ഇളക്കി തമിഴ്നാട്ടില്‍ അത് വോട്ടാക്കുകയാണ് ബി,ജെ.പി ലക്ഷ്യം. തമിഴ്നാട്ടില്‍ ഡി.എം.കെ ഭരണകാലത്താണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് എന്നതുകൊണ്ട് അവരെക്കൂടി പ്രതിക്കൂട്ടിലാക്കുകയാണ് മോദി. ഡി.എം.കെയും കോണ്‍ഗ്രസും രാഷ്‌ട്രീയ സഖ്യത്തിലുമാണ്. ഇങ്ങനെ പലതലകളുള്ള വാളാണ് ബി.ജെ.പിക്ക് കച്ചത്തീവ്.
1974-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്. ദ്വീപിന്മേലുള്ള ഇന്ത്യയുടെ അവകാശവാദം വേണ്ടെന്നു വയ്ക്കുമെന്ന് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ ജവഹർലാല്‍ നെഹ്രു പറഞ്ഞതായും റിപ്പോർട്ടുണ്ട്. മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബി.ജെ.പിയും അതിനെ രാഷ്‌ട്രീയ ആയുധമാക്കി.
പതിന്നാലാം നൂറ്റാണ്ടില്‍ അഗ്നിപർവത സ്ഫോടനത്തിലാണ് കച്ചത്തീവ് രൂപം കൊണ്ടത്.1921-ല്‍ ഇന്ത്യയും ശ്രീലങ്കയും ബ്രിട്ടീഷ് കോളനികള്‍ ആയിരുന്നപ്പോള്‍ സമുദ്രത്തിലെ മത്സ്യബന്ധന അതിരുകള്‍ നിർണയിച്ചത് കച്ചത്തീവ് ആധാരമാക്കിയാണ്.സമുദാതിർത്തി തീർപ്പാക്കാൻ 1974-ല്‍ ഇന്ദിരാ ഗാന്ധിയും ലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയും ഒപ്പിട്ട ഇൻഡോ – ശ്രീലങ്കൻ മാരിടൈം എഗ്രിമന്റ് പ്രകാരം കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തു. തന്ത്രപരമായി ദ്വീപിന് വലിയ പ്രാധാന്യമൊന്നും ഇന്ദിരാഗാന്ധി കണ്ടില്ല. കച്ചത്തീവ് വിട്ടുനല്‍കുന്നതിലൂടെ ശ്രീലങ്കയുമായുള്ള ബന്ധം ശക്തമാകുമെന്നും കരുതി. തീരുമാനം അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അറിയിച്ചിരുന്നു. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് കച്ചത്തീവില്‍ പ്രവേശിക്കാനും വിശ്രമിക്കാനും വല ഉണക്കാനും, ദ്വീപിലെ ഏക കെട്ടിടമായ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രാർത്ഥിക്കാനും അവകാശമുണ്ട്.
മത്സ്യബന്ധന അവകാശം ആർക്കെന്ന് കരാറില്‍ പറയുന്നില്ല. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഒപ്പിട്ട മറ്റൊരു കരാർ പ്രകാരം ഇരുരാജ്യങ്ങളും സാമ്ബത്തിക മേഖലകള്‍ സ്ഥാപിക്കുകയും അവിടെ പരസ്പരം മത്സ്യബന്ധനം വിലക്കുകയും ചെയ്തു. രാജ്യങ്ങളുടെ സമുദ്ര പരിധി നിർണയിക്കുന്നതിനുള്ള യു.എൻ ഉടമ്ബടിയുടെ ഭാഗമായാണ് ഈ കരാറുണ്ടാക്കിയത്. അടിയന്തരാവസ്ഥയില്‍ കരുണാനിധി സർക്കാരിനെ പിരിച്ചു വിട്ടിരുന്നു. അതിനാല്‍ സംസ്ഥാന സർക്കാരുമായി കരാറിനെപ്പറ്റി ആലോചിച്ചിരുന്നില്ല. ഈ കരാറാണ് വിവാദത്തിന് കാരണം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയമാണ് കച്ചത്തീവിലെ ഏക കെട്ടിടം. അന്തോണീസ് പുണ്യവാളന്റെ വാർഷിക തിരുനാള്‍ തീർത്ഥാടനത്തിന് ഇന്ത്യയിലെയും ലങ്കയിലെയും പുരോഹിതന്മാരാണ് കുർബാന നിർവഹിക്കുന്നത്. ഇരുരാജ്യങ്ങളിലെയും തീർത്ഥാടകർ എത്തും. കഴിഞ്ഞ വർഷം 2500 ഇന്ത്യക്കാരെത്തിയെന്നാണ് കണക്ക്.
1983 – 2009-ലെ ശ്രലങ്കൻ ആഭ്യന്തര യുദ്ധകാലത്ത് ലങ്കൻ നാവികസേനയുടെ ശ്രദ്ധ തമിഴ് പുലികളെ തകർക്കുന്നതിലായിരുന്നു. ഈ തക്കത്തിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ പതിവായി ലങ്കൻ സമുദ്രാതിർത്തി കടന്നുകൊണ്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വലിയ ട്രോളറുകള്‍ അമിതമായി മീൻപിടിത്തം നടത്തുക മാത്രമല്ല, ലങ്കൻ ബോട്ടുകളും വലകളും നശിപ്പിക്കുകയും ചെയ്‌തു.
2009-ല്‍ തമിഴ് പുലികളുമായുള്ള യുദ്ധം അവസാനിച്ചതോടെ ശ്രലങ്കൻ സേന സമുദ്ര സുരക്ഷ ശക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനും തുടങ്ങി. 15 വർഷത്തിനിടെ ആറായിരത്തിലധികം ഇന്ത്യൻ മീൻപിടിത്തക്കാരെ തടവിലാക്കി. ഇന്ത്യയുടെ 1175 ബോട്ടുകളും പിടിച്ചെടുത്തു. ലങ്കൻ സേനയുടെ കസ്റ്റഡി പീഡനങ്ങളുടെയും മരണങ്ങളുടെയും റിപ്പോർട്ടുകള്‍ പുറത്തുവന്നു.ഇതൗടെയാണ് കച്ചത്തീവ് തിരിച്ചു പിടിക്കണമെന്ന ആവശ്യവും ഉയർന്നത്.
കച്ചത്തീവ് വിട്ടുകൊടുത്തപ്പോള്‍ ഇന്ദിരാഗാന്ധിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധമുയർന്നിരുന്നു. ദ്വീപില്‍ രാംനാട് സെമീന്ദാരിയുടെ ചരിത്രപരമായ ഉടമസ്ഥാവകാശവും, തമിഴ് മത്സ്യത്തൊഴിലാളികളുടെ പരമ്ബരാഗത മത്സ്യബന്ധന അവകാശവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍. ലങ്കൻ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ട ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ, കച്ചത്തീവ് തിരിച്ചെടുക്കണമെന്നും തമിഴരുടെ മത്സ്യബന്ധനാവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. അന്നു മുതല്‍ കച്ചത്തീവ് തമിഴ് രാഷ്‌ട്രീയത്തില്‍ ഉയർന്നു വന്നുകൊണ്ടിരുന്നു.
2008-ല്‍ എ.ഡി.എം.കെ നേതാവ് ജയലളിത, ഭരണഘടനാ ഭേദഗതി ഇല്ലാതെ കച്ചത്തീവ് വിട്ടുകൊടുക്കാനാവില്ലെന്നു കാട്ടി സുപ്രീംകോടതിയെ സമീപിച്ചു. 2011-ല്‍ മുഖ്യമന്ത്രിയായ ശേഷം ജയലളിത നിയമസഭയില്‍ പ്രമേയവും അവതരിപ്പിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് വർദ്ധിച്ചതോടെ 2012-ല്‍ ജയലളിത വീണ്ടും സുപ്രീം കോടതിയിലെത്തി. 2006- ല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയും കച്ചത്തീവ് വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ വർഷം ലങ്കൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശന വേളയില്‍ കച്ചത്തീവ് പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.ബി.ജെ.പിയുടെ തമിഴ്നാട് ഘടകം കച്ചത്തീവ് തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മോദി സർക്കാർ ഒന്നും ചെയ്തില്ല.
2014-ല്‍ പ്രശ്നം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ അറ്റോർണി ജനറല്‍ മുകുള്‍ റോഹ്‌ത്തഗി പറഞ്ഞത് പ്രശസ്തമാണ്: ”1974-ലെ കരാർ പ്രകാരം കച്ചത്തീവ് ശ്രിങ്കയ്‌ക്ക് വിട്ടുകൊടുത്തതാണ്. ഇപ്പോള്‍ അതെങ്ങനെ തിരിച്ചെടുക്കും? കച്ചത്തീവ് തിരിച്ചു പിടിക്കണമെങ്കില്‍ യുദ്ധം ചെയ്യേണ്ടിവരും!”
ആ യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്.അത് പക്ഷെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന് മാത്രം!