KeralaNEWS

കൊല്ലപ്പെട്ട ടിക്കറ്റ് എക്സാമിനർ വിനോദ് സിനിമയിൽ വിനോദ് കണ്ണന്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പം നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു

    ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന്  തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കെ. വിനോദ്, ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലും സജീവസാന്നിധ്യം.

ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 18-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് ഇദ്ദേഹം സിനിമ രംഗത്ത് അറിയപ്പെടുന്നത്.

Signature-ad

സ്കൂൾ കാലം മുതലേ കലാപ്രവർത്തനങ്ങളിൽ  സജീവമായിരുന്നു വിനോദ്. അന്നൊക്കെ നാടകം ആയിരുന്നു ഇഷ്ടം. പിന്നെ മിമിക്രിയിലും ശോഭിച്ചു. രണ്ടിലും നിറയെ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നീട് സിനിമയിൽ  അവസരങ്ങൾ ചോദിച്ച് സമീപിച്ചവരുടെ കൂട്ടത്തിൽ സംവിധായകൻ ആഷിക് അബുവും ഉണ്ടായിരുന്നു എസ്.ആർ.വി സ്കൂളിൽ ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ  സഹപാഠികളായിരുന്നു ഇരുവരും. ആ ബന്ധമാണു സിനിമയിലേക്കു വഴി തുറന്നത്. ‘ഗ്യാങ്സ്റ്ററി’ൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി അഭിനയിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തില്‍ ഡിവൈ.എസ്.പിയുടെ വേഷമാണ് വിനോദ് ചെയ്തത്.

ജനറൽ ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട് മെൻ്റിൽ യാത്ര ചെയ്ത ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്തയോട് പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്ത് എത്തിയപ്പോൾ പിന്നാലെ വന്ന പ്രതി പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.

ഷൊര്‍ണൂരില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. പാളത്തിൽ വീണ വിനോദിന്‍റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.
മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പല ശരീരഭാഗങ്ങളും മാറിയാണ് കിടന്നിരുന്നത്.

ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത് മൊഴി നല്‍കി.

വിനോദിന്‍റെ അപ്രതീക്ഷിത അപകടവാർത്തയറിഞ്ഞ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മഞ്ഞുമ്മലിൽ നിർമ്മിച്ച പുതിയ വീടിന്‍റെ പാലുകാച്ചലിനു വിനോദിന്‍റെ സഹപ്രവർത്തകരെല്ലാം  എത്തിയിരുന്നു. പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് ഇവിടെ താമസം തുടങ്ങിയത്. അമ്മയുടെ പേരു ചേർത്ത് വീടിനു ലളിതാനിവാസ് എന്നാണു പേരിട്ടത്. സഹോദരി സന്ധ്യ എളമക്കരയിലാണ് താമസം.

തിരുവനന്തപുരം സ്വദേശിയായ വിനോദ് ആദ്യം എറണാകുളം സൗത്തിലായിരുന്നു താമസം. റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ. സർവീസിലിരിക്കെ മരിച്ച അച്ഛന്‍റെ ജോലിയാണ് വിനോദിന് ലഭിച്ചത്.  രണ്ടു വർഷമേ ആയുള്ളൂ വിനോദ് ടിടിഇയുടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതുവരെ ഡീസൽ ലോക്കോ ഷെഡിലായിരുന്നു ജോലി.

വിനോദിന്‍റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതി രജനീകാന്തയെ സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

Back to top button
error: