ന്യൂഡല്‍ഹി: കെടുകാര്യസ്ഥത മൂലം വരുത്തിവച്ച സാമ്പത്തികബുദ്ധിമുട്ടിന് ഇടക്കാലാശ്വാസം തേടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി, കടമെടുപ്പു പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഈ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനങ്ങള്‍ ധനനയം ലംഘിച്ചുകൊണ്ടു കൂടുതല്‍ വായ്പ ആവശ്യപ്പെടുന്ന മോശം കീഴ്വഴക്കം സൃഷ്ടിക്കപ്പെടാമെന്നു ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കടമെടുപ്പുപരിധിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ കേന്ദ്ര ധനമന്ത്രാലയം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കേന്ദ്ര നടപടി മൂലം നേരിടുന്ന സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി കേരളം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇതിലെ നിയമപ്രശ്‌നങ്ങള്‍ അഞ്ചംഗ ബെഞ്ചിനു വിടാന്‍ തീരുമാനിച്ചത്. ഫലത്തില്‍, കേന്ദ്രവും കേരളവും തമ്മിലുള്ള നിയമപ്പോരു മുറുകും.
അധിക കടമെടുപ്പു പരിധി സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന് 13,608 കോടി രൂപ കൂടുതലായി കടമെടുക്കാന്‍ കഴിഞ്ഞുവെന്നു വിലയിരുത്തിയാണ് ഇടക്കാലാശ്വാസം കോടതി നിരാകരിച്ചത്. കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നു കരുതിയാലും സമാശ്വാസ നടപടി കേന്ദ്രത്തില്‍നിന്നുണ്ടായി. അതുവഴി പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഒരുപരിധി വരെ രക്ഷപ്പെടുത്തി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ മതിയായ ആശ്വാസം കേരളത്തിനു ലഭിച്ചു കോടതി വിലയിരുത്തി.
കേരളം അടിയന്തര ആവശ്യം ഉന്നയിച്ചിരുന്ന സാമ്പത്തിക വര്‍ഷം (2023-24) പിന്നിട്ടതിനാല്‍ ഈ വിധി പ്രത്യക്ഷത്തില്‍ കേരളത്തെ ബാധിക്കുന്നില്ല. എന്നാല്‍, കടമെടുപ്പു പരിധി സംബന്ധിച്ച നിലപാട് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന നിരീക്ഷണം തിരിച്ചടിയാണ്.