കാസര്‍കോട്: ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ കവര്‍ന്ന സംഘം വീണ്ടും ബെംഗളൂരുവില്‍ കവര്‍ച്ച നടത്തി. എലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് സംഘം ലാപ്‌ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കര്‍ണാടക പോലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കാന്‍ ബെംഗളൂരുവിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ പോലീസ്.
മൂന്ന് പേരാണ് ബെംഗളൂരുവിലും കവര്‍ച്ചയില്‍ ഒത്തുചേര്‍ന്നത്. മംഗളൂരുവില്‍ മാര്‍ച്ച് 27-ന് രാവിലെ കാറിന്റെ ചില്ല് പൊട്ടിച്ച് ലാപ്‌ടോപ്പ് കവര്‍ന്ന അതേ രീതിയിലാണ് ബെംഗളൂരുവിലും പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്.
മംഗളൂരുവില്‍ നിന്ന് ബസില്‍ ഉപ്പളയില്‍ വന്നിറങ്ങിയാണ് സംഘം എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്നത്. ഉപ്പളയിലെ കവര്‍ച്ചയ്ക്കു ശേഷം ഓട്ടോയിലാണ് മൂവരും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, അവര്‍ എങ്ങോട്ടേക്കുള്ള ടിക്കെറ്റെടുത്തെന്നും ഏത് തീവണ്ടി കയറിയെന്നും കണ്ടെത്താനായില്ല.
ഒരിടത്ത് സ്ഥിരമായി തമ്പടിക്കാതെ കവര്‍ച്ച ചെയ്ത മുതലുകള്‍ കൃത്യമായി കൈമാറുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള വലിയൊരു സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പിന്നില്‍ മറ്റു പലരും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.