IndiaNEWS

റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി; ചോദ്യംചെയ്യലിന്‌ശേഷം കേരളത്തില്‍ എത്തിക്കുമെന്ന് സിബിഐ

ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് പൂവാര്‍ പൊഴിയൂര്‍ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഡേവിഡ് ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ ഡേവിഡിന് പരുക്ക് പറ്റിയിരുന്നു. വ്യാജ റിക്രൂട്ട് ഏജന്‍സിയുടെ ചതിയില്‍ പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഡേവിഡിനെ കേരളത്തിലെത്തിക്കുമെന്ന് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചു.

മോസ്‌കോയിലെ പള്ളി വികാരിയുടെ സംരക്ഷണയില്‍ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബര്‍ അവസാന വാരം ഒാണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്. റഷ്യന്‍ പൗരത്വമുള്ള മലയാളിയായ അലക്‌സ് ആണ് വിമാനത്താവളത്തില്‍ നിന്നു ഡേവിഡിനെ പട്ടാള ക്യാംപില്‍ എത്തിച്ചത്. ക്യാംപില്‍ എത്തിയപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധ മേഖലയില്‍ എത്തിച്ച് യുദ്ധത്തില്‍ പങ്കെടുത്തതോടെയാണു ഏജന്റിന്റെ ചതി ഡേവിഡിനു ബോധ്യമായത്.

Signature-ad

ഡിസംബര്‍ 25ന് രാത്രി റോണക്‌സ് മേഖലയില്‍ രാത്രി നടത്തത്തിനു പോകുമ്പോള്‍ ഡ്രോണില്‍ എത്തിയ ബോംബ് പൊട്ടി കാലിനു ഗുരുതര പരുക്കേറ്റു. വേണ്ട ചികിത്സ പോലും നല്‍കാതെ ദുരിതാവസ്ഥയില്‍ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടുകാരെ ബന്ധപ്പെട്ടതോടെ ആണ് ദുരിതം പുറത്തറിയുന്നത്. മാധ്യമ വാര്‍ത്ത കണ്ട കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ഡോ ശശി തരൂര്‍ എംപി തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഡേവിഡിനെ പോലെ ഏജന്റുമാരുടെ ചതിയില്‍ പെട്ട മറ്റു ചിലരും നാട്ടില്‍ എത്തുന്നതിനു എംബസിയെ സമീപിച്ചിട്ടുണ്ട്.

Back to top button
error: