കോട്ടയം: വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെ.പി.സി.സി.യുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി നടത്തിയ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷിക സമ്മേളനം ടി.കെ മാധവന്‍ നഗറില്‍ (വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാള്‍ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയാത്ത രാഷ്ട്രീയ നിലപാടുകളാണ് വൈക്കം സത്യാഗ്രഹ സമയത്ത് കൈക്കൊണ്ടത് .വൈക്കത്ത് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് മന്നത്ത് പദ്മനാഭന്‍ നടത്തിയ സവര്‍ണജാഥ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചു.
ടി.കെ.മാധവന്റെയും കെ.പി.കേശവമേനോന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നടത്തിയ സത്യാഗ്രഹം ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. രാജ്യത്തെ സമര ചരിത്രം മാറ്റിയെഴുതിയ വൈക്കം സത്യാഗ്രഹം വിമോചനത്തിനു വേണ്ടി പോരാടുന്ന മനുഷ്യര്‍ക്ക് നല്‍കിയ ആത്മവിശ്വാസം എടുത്തുപറയത്തക്കതാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡണ്ട് മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ,കോണ്‍ഗ്രസ് (ഐ) രാഷ്ട്രീയ കാര്യ സമിതിയംഗം മുന്‍ മന്ത്രി കെ.സി.ജോസഫ്, യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, പി.എ സലീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, കെപിസിസി അംഗം മോഹന്‍ ഡി. ബാബു,എം.കെ പോള്‍സണ്‍, ബി.അനില്‍കുമാര്‍, അബ്ദുള്‍സലാം റാവുത്തര്‍, ജെയ് ജോണ്‍ പേരയില്‍, പി.ഡി പ്രസാദ്, പി എന്‍ ബാബു, പി.പി സിബിച്ചന്‍, അഡ്വ.എ.സനീഷ് കുമാര്‍, സോണി സണ്ണി, കെ.സി നായര്‍, പി.കെ ദിനേശന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.