കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും മൂന്നു വട്ടം സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ആറു മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സൗഹൃദ സന്ദര്‍ശനത്തിലൂടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനായിരുന്നു തീരുമാനം.
ആദ്യ ഘട്ടം മൂന്നു മാസം കൊണ്ടാണ് ഒരു തവണ മണ്ഡലത്തില്‍ സൗഹ്യദങ്ങള്‍ പുതുക്കിയും വോട്ടര്‍മാരുടെ മനസറിഞ്ഞും യാത്ര നടത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കി. ഇന്നലെ കോട്ടയം മണ്ഡലത്തില്‍ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയായതോടെ മൂന്ന് തവണയാണ് സ്ഥാനാര്‍ത്ഥി ഒരു നിയോജക മണ്ഡലത്തിലെ വ്യക്തിപരമായ സന്ദര്‍ശനം നടത്തിയത്.
ഇന്നലെ രാവിലെ കോട്ടയത്ത് പ്രമുഖ വ്യക്തികളെ കണ്ടായിരുന്നു പര്യടനത്തിന് തുടക്കമിട്ടത്. പിന്നീട് ആരാധനാലയങ്ങളും സമുദായ സംഘടന നേതാക്കളെയും കണ്ട് പിന്തുണ തേടി. ഇതിനിടെ ചില സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈസ്റ്റര്‍ ദിവസത്തിലും സൗഹ്യദ സന്ദര്‍ശനം തുടരും.