ഹാസ്യസമ്രാട്ട് അടൂര്‍ ഭാസി ഓര്‍മയായിട്ട് 34 വര്‍ഷം
മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അടൂര്‍ ഭാസി ഓര്‍മയായിട്ട് 34 വര്‍ഷം. സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ ഏതുവേഷവും അനായാസമായി അഭിനയിച്ചാണ് അടൂര്‍ ഭാസി മലയാള സിനിമാചരിത്രത്തില്‍ ഇടം നേടിയത്. എല്ലാഭാവവും മിന്നിമറയുന്ന നടനവിശേഷവും ഭാസ്‌കരന്‍നായര്‍ എന്ന അടൂര്‍ ഭാസിയുടെ സവിശേഷതയായിരുന്നു. 1990 മാര്‍ച്ച് 29-നാണ് അദ്ദേഹം അന്തരിച്ചത്.
നാടകാഭിനയത്തിലൂടെയാണ് അടൂര്‍ ഭാസി സിനിമയിലേക്ക് കടന്നുവന്നത്. 1953-ല്‍ തിരമാല എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയയാത്ര തുടങ്ങിയത്. തുടര്‍ന്നുള്ള 36 വര്‍ഷങ്ങളില്‍ അറുന്നൂറോളം സിനിമകള്‍.
ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയുടെയും കെ.മഹേശ്വരിയമ്മയുടെയും മകനായി തിരുവനന്തപുരം വഴുതക്കാട് റോസ്‌കോട്ട് ബംഗ്ലാവില്‍ 1927 മാര്‍ച്ച് ഒന്നിനാണ് അടൂര്‍ ഭാസിയുടെ ജനനം. മലയാള നോവല്‍ സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായ സി വി രാമന്‍പിള്ള മുത്തശ്ശനുമായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് ഇവര്‍ അടൂരിലേക്ക് എത്തിയത്. പിന്നീട് പേരിനൊപ്പം അടൂരും ചേര്‍ത്തു.
അഴിമതി നാറാപിള്ളയും ലക്ഷപ്രഭുവിലെ പിള്ളയും ചട്ടക്കാരിയിലെ എന്‍ജിന്‍ ഡ്രൈവറുമൊക്കെ മലയാളസിനിമയില്‍ എക്കാലവും ഓര്‍മിക്കുന്ന കഥാപാത്രങ്ങളായി. എങ്കിലും 1977-ല്‍ പ്രദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ഥി സാറാമ്മയിലെ ശാസ്ത്രികളെ പുതിയ തലമുറയും മറക്കില്ല.
കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന് പാടി അഭിനയിച്ച അടൂര്‍ ഭാസിയുടെ കഥാപാത്രം ഇന്നും നമുക്കിടയില്‍ രാഷ്ട്രീയത്തില്‍ ജീവിക്കുന്നുണ്ട്. വിവിധ ദേശീയ പുരസ്‌കാരങ്ങള്‍, മികച്ച നടനുള്ള പുരസ്‌കാരം, മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.
ഈ മഹാനടന്റെ മൂന്നരദശാബ്ദക്കാലത്തെ സിനിമാസമ്പാദ്യങ്ങളുടെ അപൂര്‍വ നിധികള്‍ അടൂര്‍ പെരിങ്ങനാടുള്ള കൊട്ടയ്ക്കാട് വീടിന് സമീപത്തുള്ള അടൂര്‍ ഭാസി സാംസ്‌കാരികകേന്ദ്രത്തില്‍ സംരക്ഷണമില്ലാതെയിരിപ്പുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളുടെ ശില്പങ്ങളും ഇതിലുണ്ട്.