കോട്ടയം: ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്.
ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാര്‍ക്കുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയില്‍ കത്തിയുമായി എത്തിയ രമേശന്‍ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. മറ്റ് പോലീസുകാര്‍കൂടി ചേര്‍ന്ന് രമേശനെ ബലംപ്രയോഗിച്ച് പിടിച്ചു. ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.