KeralaNEWS

ദുരൂഹതനീങ്ങാതെ വീട്ടമ്മയുടെ കൊലപാതകം: മൂന്നുപേര്‍ കസ്‌റ്റഡിയില്‍

കോതമംഗലം : കഴുത്തില്‍ മാരക മുറിവേറ്റ്‌ രക്‌തം വാര്‍ന്നു മരിച്ച കള്ളാട്‌ ചെങ്ങമനാട്ട്‌ സാറാമ്മ ഏലിയാസി(72)ന്റെ സംസ്‌കാരം ഇന്ന്‌.
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഭവനത്തില്‍ ശുശ്രൂഷയ്‌ക്ക്‌ ശേഷം ചേലാട്‌ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ബെസ്‌അനിയ വലിയ പള്ളിയിലാണ്‌ സംസ്‌ക്കാരം

കഴുത്തിന്‌ മുന്നിലെ മാരകമായ മുറിവാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. 12 സെന്റിമീറ്റര്‍ നീളത്തിലും രണ്ടു സെന്റീ മീറ്റര്‍ ആഴത്തിലുമുള്ള ഈ മുറിവാണ്‌ മരണകാരണമായത്‌. ചെവിക്ക്‌ സമീപം, കൈകള്‍, പിന്‍കഴുത്ത്‌ എന്നിവിടങ്ങളിലായി 11 മറ്റ്‌ ചെറിയ മുറിവുകളും ശരീരത്തിലുണ്ട്‌. ധരിച്ചിരുന്ന എട്ടു പവന്‍ സ്വര്‍ണം മാത്രമാണ്‌ മോഷണം പോയത്‌. വീട്ടിലെ കബോര്‍ഡില്‍ മറ്റൊരു 15 പവന്‍ സ്വര്‍ണം കൂടി ഉണ്ടായിരുന്നിട്ടും ഇത്‌ എടുക്കാത്തത്‌ മോഷണം മാത്രമായിരുന്നോ കൊലയ്‌ക്ക്‌ പിന്നിലുള്ള ലക്ഷ്യമെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌.
സംഭവദിവസമായ തിങ്കളാഴ്‌ച പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മൂന്ന്‌ അതിഥി തൊഴിലാളികളെ ഇനിയും വിട്ടയച്ചിട്ടില്ല. ഇവര്‍ മൂവരും സാറാമ്മയുടെ വീടിനോട്‌ അടുത്തുള്ള വീട്ടില്‍ താമസക്കാരാണ്‌.

സംഭവദിവസം രാത്രി പോലീസ്‌ നായ വീടിന്‌ സമീപത്തുനിന്ന്‌ ലഭിച്ച തുണിയില്‍ മണം പിടിച്ച്‌ കീരംപാറ ജങ്‌ഷന്‍ വരെ ഓടിയെങ്കിലും പിന്നീട്‌ മുന്നോട്ട്‌ നീങ്ങിയില്ല. ഈ വീടും സാഹചര്യങ്ങളും മുന്‍പരിചയമുള്ളയാളുകളാണ്‌ കൊലയ്‌ക്ക്‌ പിന്നിലെന്നും പോലീസ്‌ സംശയിക്കുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന മറ്റ്‌ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോകാത്തതും ഉച്ചയ്‌ക്ക്‌ ശേഷം കൊലയ്‌ക്ക്‌ സമയം തെരഞ്ഞെടുത്തതും വിശദമായ അനേ്വഷണത്തിന്‌ കാരണമാക്കുന്നുണ്ട്‌.
വീട്‌ സീല്‍ വച്ച്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.

Back to top button
error: