പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ അഞ്ചു ദിവസമായി കാണാതായതായി പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) യാണ് കണാതായത്.
ശനിയാഴ്ച വീട്ടില്‍ നിന്നും ബീഡി വാങ്ങാനായി അടുത്തുള്ള കടയില്‍ പോയ വേലായുധനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.
വേലായുധന്റെ ഭാര്യ ലീലയും മകള്‍ ലൈജുവുമാണ് പോലീസില്‍ പരാതി നല്‍കിയത്. ബീഡി വാങ്ങാന്‍ പോകാന്‍ പണം ചോദിച്ചതുമായി ബന്ധപ്പെട്ട് ഭാര്യ ലീലയും വേലായുധനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ബീഡി വാങ്ങാന്‍ പുറപ്പെട്ട വയോധികന്‍ വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരെ തിരിഞ്ഞുനോക്കി നിന്നിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
കുടുംബത്തിന്റെ പരാതിയില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതായ വേലായുധന്‍ കൊച്ചിയില്‍ ബോട്ട് മെക്കാനിക്കാണ്.