ചാലക്കുടി: പരിയാരം പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപം പോട്ടോക്കാരൻ വർഗീസ് (54) മരിച്ച സംഭവത്തില്‍ മൂത്ത മകൻ പോളിനെ (25) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 20-ന് രാത്രി 9.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ഗോവണിപ്പടിയില്‍നിന്ന് വീണ നിലയില്‍ വർഗീസിനെ കണ്ടെത്തുകയായിരുന്നു. വർഗീസിനെ മകൻ പോള്‍ തള്ളിയിട്ടതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
പോള്‍ 20-ന് രാവിലെ വർഗീസിനെ ആക്രമിച്ചിരുന്നു. വർഗീസും പോളും സഹായിയുമാണ് ഈ വീട്ടില്‍ താമസം. വർഗീസിന്റെ ഭാര്യ ആൻസിയും ഇളയമകൻ ജസ്റ്റിനും വിദേശത്താണ്. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്ന പോള്‍ പിതാവിനെ പലപ്പോഴായി ആക്രമിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശിയായ സഹായി ജോസഫിനെ വരുത്തി ചോദ്യംചെയ്തപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും തുടർന്ന് അറസ്റ്റ് നടന്നതും.
ചാലക്കുടി എസ്.എച്ച്.ഒ. സി.കെ. സജീവ്, എസ്.ഐ. മധു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.