പാലക്കാട്: ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഡോ. ടിഎന്‍ സരസുവാണ്. വിവാദങ്ങളുടെ പേരില്‍ കേരളസമൂഹത്തില്‍ ഏറെ ചര്‍ച്ചയില്‍ വന്നിട്ടുള്ള പേരാണ് ടിഎന്‍ സരസുവിന്റേത്. 2016 ഏപ്രില്‍ മാസത്തില്‍ സരസു പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം കോളേജിനു മുന്നില്‍ ഒരു കുഴിമാടം പ്രതിക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു.
വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐയാണ് ഇത് ചെയ്തതെന്ന് സരസു ആരോപിച്ചു. സംഭവത്തില്‍ 4 എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുണ്ടായിരുന്നു. എല്ലാവരെയും കോടതി വെറുതെ വിട്ടു. പ്രിന്‍സിപ്പലിനോട് ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാല്‍ കുഴിമാടം തീര്‍ത്തത് തങ്ങളല്ലെന്നുമാണ് എസ്എഫ്‌ഐ വാദിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരാണ് കുഴിമാടം നിര്‍മ്മിച്ചതെന്നത് പുറത്ത് കൊണ്ടുവരണമെന്നും എസ്എഫ്‌ഐ പിന്നീട് പ്രതികരിക്കുകയുണ്ടായി.
2016ലെ സംഭവത്തില്‍ ടിഎന്‍ സരസു ഇപ്പോഴും പ്രതികരണം നടത്തുന്നത് കാണാം ഫേസ്ബുക്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അവര്‍ ഇട്ട പോസ്റ്റിലെ ചില വരികള്‍ ഇങ്ങനെ: ”2016 ല്‍ ഞാന്‍ പറഞ്ഞിരുന്നു ‘എച്എപൈ’യെ എല്ലാത്തരത്തിലും സഹായിക്കുന്നത് ഒരു പ്രേത്യേകതരം അധ്യാപക സംഘടന ആണെന്ന്. ഇതൊരു പരസ്പര സഹകരണ സംഘമാണ്”.
ബിജെപിയോട് സരസുവിന് ചായ്വുണ്ടെന്ന് 2016ല്‍ തന്നെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അന്ന് അവരതിനെ എതിര്‍ക്കുകയാണ് ചെയ്തത്. തന്നെ കാണാന്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വന്നിരുന്നു എന്നതല്ലാതെ താന്‍ ബിജെപിയുമായി ബന്ധമുള്ള ആളല്ലെന്ന് അവര്‍ 2018ല്‍ 24 ന്യൂസിന്റെ ജനകീയ കോടതി പരിപാടിയില്‍ പറയുകയുണ്ടായി. എംഎ ബേബി തന്നെ ബിജെപിക്കാരിയെന്ന് വിശേഷിപ്പിച്ചതിനെ ടിഎന്‍ സരസു വിമര്‍ശിക്കുകയുണ്ടായി. ”ഞങ്ങള്‍ കുടുംബമായിട്ട് സിപിഎമ്മുകാരാണ്. എന്റെ ഭര്‍ത്താവ് അജയകുമാര്‍ സിപിഎമ്മില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നയാളാണ്,” -അന്ന് സരസു പറഞ്ഞു.