ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്‌ഫോടനങ്ങളും ടര്‍ബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.
പാക്കിസ്ഥാനില്‍ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. ബ്രിഗേഡ് പ്രവര്‍ത്തകര്‍ വ്യോമതാവളത്തിന് ഉള്ളില്‍ പ്രവേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.
മജീദ് ബ്രിഗേഡ് ടര്‍ബറ്റിലെ വ്യോമതാവളത്തിനു നേരെ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് 20ന് സമാന സംഭവം അരങ്ങേറിയിരുന്നു. ഇതില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികരും എട്ട് ബലോച്ച് പോരാളികളും കൊല്ലപ്പെട്ടു. ജനുവരി 29ന് ഗ്വാദാറിലെ മിലിറ്ററി ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെയും മജീദ് ബ്രിഗേഡ് ആക്രമണം അഴിച്ചുവിട്ടിരുന്നു.