CrimeNEWS

വീടുപണിക്ക് പണത്തിനായി തട്ടിക്കൊണ്ടുപോകല്‍; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 9 വയസ്സുകാരനെ കൊന്നു, അയല്‍വാസി പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താനെയിലെ ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കേസിലെ മുഖ്യ പ്രതി സല്‍മാന്‍ മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബാദ് എന്ന കുട്ടിയെ അയല്‍വാസി കൂടിയായ സല്‍മാന്‍ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തയ്യല്‍ക്കാരനായ സല്‍മാന്‍ മൗലവിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് 23 ലക്ഷം രൂപ ആവശ്യമായിരുന്നു.ഇത് നേടിയെടുക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയില്‍ പോയി ഏറെ നേരം കഴിഞ്ഞും മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചു.ഈ സമയത്താണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് മകനെ തട്ടിക്കൊണ്ടുപോയതാണെന്നും 23 ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ മോചിപ്പിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം വരുന്നത്.

Signature-ad

കൂടുതല്‍ വിവരങ്ങളൊന്നും പറയാതെ ഫോണ്‍ കോള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്ക് വേണ്ടി നാട്ടുകാരും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ വഴികള്‍ അടഞ്ഞെന്ന് മനസിലാക്കിയ പ്രതി തന്റെ സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും പ്രതിയുടെ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കൊലപാതക്കേസില്‍ സല്‍മാന്റെ സഹോദരന്‍ സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

 

 

Back to top button
error: