കൊച്ചി: ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയിലായി.
അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാള്‍ നാഗോണ്‍ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്.
കലൂർ ആസാദ് റോഡില്‍ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു.
അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തു.
അസാമില്‍ നിന്നാണ് ഇവർ വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളേയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരിക്കച്ചവടം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു