KeralaNEWS

എന്നുവരും ബിജെപി സ്ഥാനാര്‍ത്ഥി;കാത്തിരിപ്പ് തുടര്‍ന്ന് കേരളത്തിലെ നാല് മണ്ഡലങ്ങള്‍

തിരുവനന്തപുരം : കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ഇടത് വലത് മുന്നണികള്‍ പ്രചരണത്തില്‍ അതിവേഗം മുന്നോട്ട് പോകുമ്ബോള്‍ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാതെ ബിജെപി.

വയനാട്, ആലത്തൂര്‍, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാത്തത്.രാജ്യം മുഴുവന്‍ നടന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്ബോഴും വയനാട്ടില്‍ പോലും സ്ഥാനാര്‍ത്ഥിയായിട്ടില്ല എന്നതാണ് ഏറെ രസകരം

Signature-ad

മറ്റ് പാര്‍ട്ടികള്‍ ചുമരെഴുത്തും പോസ്റ്ററുമൊക്കെയായി കളം നിറയുമ്ബോള്‍ ഇവിടത്തെ ബിജെപി പ്രവര്‍ത്തകര്‍ ചുമരും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. വമ്ബന്‍ സര്‍പ്രൈസ് ഉണ്ടാകും ആരും ചിന്തിക്കാത്ത സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നൊക്കെ നേതാക്കൾ പറയുമ്പോൾ  ബിജെപി പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റുവാങ്ങുന്ന ട്രോളുകളും കുറവല്ല.

നരേന്ദ്രമോദിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചതു മുതല്‍ എന്‍.കെ.പ്രേമചന്ദ്രനെ സംഘിയാക്കിയുളള പ്രചരണം കൊല്ലത്ത് സിപിഎം സജീവമാക്കിയിട്ടുണ്ട്. ഈ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് കൊല്ലത്ത് താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത്. ഇവിടെ പലരും സ്ഥാാര്‍ത്ഥി കുപ്പായം തയ്പ്പിച്ച്‌ കാത്തിരിക്കുന്നുണ്ട്. നടന്‍ ദേവന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്നുവെന്നാണ് സൂചന. നടന്‍ കൃഷ്ണകുമാര്‍, ബിജെപി നേതാവ് സന്ദീപ് വാചസ്പതി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. എന്തായാലും പുലി പോലൊരു സ്ഥാനാര്‍ത്ഥി വരുമെന്നാണ് കൊല്ലത്തെ ബിജെപിക്കാര്‍ ആശ്വാസം കൊളളുന്നത്.

ബിജെപിക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത മണ്ഡലമാണ് എറണാകുളം. എന്നാല്‍ ഇവിടെ താരസ്ഥാനാര്‍ത്ഥിയെ ഇറക്കി വാര്‍ത്തയില്‍ ഇടം നേടാനാണ് ബിജെപി ശ്രമം. ഹൈബി ഈഡനും, ഷൈന്‍ ടീച്ചറും രണ്ട് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയപ്പോഴും ഇവിടെ ചുമരുകളില്‍ തമാര ചിഹ്നം മാത്രം വരച്ച്‌ കാത്തിരിക്കുകയാണ് നേതാക്കള്‍. കെ.എസ്.രാധാകൃഷ്ണന്‍, സിജി രാജഗോപാല്‍, എന്നിങ്ങനെ പതിവ് പേരുകള്‍ക്കൊപ്പം മേജര്‍ രവിയുടെ പേരും എറണാകുളത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ നേരത്തെ ബിഡിജെഎസ് മത്സരിച്ചിരുന്നതാണ്. ഇത്തവണയാണ് ബിജെപി ഈ സീറ്റുകള്‍ ഏറ്റെടുത്തത്.ആലത്തൂരില്‍ രേണു സുരേഷ് മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ വയനാട് ആര് എന്നതില്‍ ഒരു സൂചനയും പുറത്തു വന്നിട്ടില്ല. സ്മൃതി ഇറാനി മുതല്‍ പല വമ്ബ പേരുകള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അബ്ദുള്ളകുട്ടിയിലാണ്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശ്ശൂര്‍ ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ ബിജെപി വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് വലിയ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. അതുകഴിഞ്ഞാല്‍ ചെറിയ മത്സരമെങ്കിലും നടക്കുന്നത് പാലക്കാടാണ്. മറ്റിടത്തെല്ലാം കാര്യമായൊന്നും ചെയ്യാനില്ലെന്ന് സമ്മതിച്ച സ്ഥിതിയിലാണ് ബിജെപി. എന്നാല്‍ ഇപ്പോഴും ബിജെപിയും മോദിയും അവകാശപ്പെടുന്നത് രണ്ടക്കത്തിലുള്ള സീറ്റ് ലഭിക്കുമെന്നാണ്. 20 സീറ്റുകളില്‍ 16 ഇടത്ത് ബിജെപിയും നാലിടത്ത് ബിഡിജെഎസുമാണ് മത്സരിക്കുന്നത്.

Back to top button
error: