KeralaNEWS

കൊടകര കുഴല്‍പ്പണക്കേസ് ; കെ സുരേന്ദ്രനെ തൊടാതെ ഇഡി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.

മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്. 2021 ഓഗസ്റ്റ് 8ന് നല്‍കിയ അവസാന റിപ്പോ‍ർട്ടില്‍ കുഴല്‍പ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴല്‍പ്പണമായി കർണാടകത്തില്‍ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് സ്രോതസുകള്‍ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതില്‍ ഒരു സോഴ്സില്‍ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.

Signature-ad

പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയതും കേസിന്‍റെ ഭാഗമായി രേഖാമൂലം ഇൻകം ടാക്സ് തൃശൂർ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നത്. ഇൻകം ടാക്സിന് പുറമേ ഇഡിക്ക് ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോർട്ട് നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

കൊടകര കുഴൽപ്പണ ക്കേസുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ പറയുന്നത്. പക്ഷേ, പണം കൊണ്ടുവന്നവരും കൊണ്ടുപോയവരും തമ്മിലുള്ള ഒരു കണ്ണിയെന്ന് പറയുന്നത് ഇവർക്കെല്ലാം തന്നെ ബി.ജെ.പിയുമായും ആർ.എസ്.എസുമായും ബന്ധമുണ്ടെന്നതാണ്. ഉദാഹരണത്തിന് പരാതിക്കാരനായ ധർമ്മരാജൻ ആർ.എസ്.എസ്. പ്രവർത്തകനാണ്. ധർമ്മരാജന് തൃശ്ശൂരിൽ ഹോട്ടൽ മുറി ബുക്ക് ചെയ്ത് കൊടുത്തത് ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഓഫീസിൽ നിന്നാണെന്ന് പറയപ്പെടുന്നു.

 

കേസിൽ പോലിസ് ആദ്യം അറസ്റ്റ് ചെയ്ത ദീപക് എന്നയാൾ പോലിസ് പണം പിടിച്ചെടുത്ത വിവരമറിഞ്ഞപ്പോൾ ആദ്യം പോയത് ബിജെപി ഓഫീസിലേക്കായിരുന്നു. ബി.ജെ.പിയുടെ ഭാരവാഹികളായ കെ.ജി. കർത്ത, എം. ഗണേശൻ, ജി. ഗിരീഷ്, കെ.കെ. അനീഷ്കുമാർ എന്നിവരെയാണ് പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുള്ളത്.

 

കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നത്. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തിനു പുറത്തു നിന്നെത്തിച്ച കുഴൽപ്പണമാണ് കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ടതെന്നു പോലീസ് പറയുന്നു. പാർട്ടി നേതാക്കൾ നൽകിയ നിർദേശം അനുസരിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പോലീസ് കോടതിയിൽ അറിയിച്ചിരുന്നു.

 

കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറിയെയും ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പോലീസിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്നാണ് ബിജെപിി നേതാക്കളുടെ വാദം. കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ട പണം പാർട്ടിയുടേതല്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ഇതിനു വിപരീതമായ പ്രതികളുടെ മൊഴിയും പോലീസ് റിപ്പോർട്ടും.

Back to top button
error: