ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാര്‍ട്ടി (എഎപി) നേതാക്കള്‍ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.
”ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോള്‍ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികള്‍ക്കു വിശ്വാസ്യതയില്ല. ജയില്‍ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. ഇലക്ടറല്‍ ബോണ്ട് വഴി മുഴുവന്‍ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നല്‍കിയത്.” -എഎപി നേതാക്കള്‍ ആരോപിച്ചു.
”അരബിന്ദോ ഫാര്‍മസി ഉടമയായ ശരത്ചന്ദ്ര റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചു. ബിജെപിക്കു ബോണ്ട് നല്‍കിയതോടെ കമ്പനിയെ വെളുപ്പിച്ചു. ഇലക്ടര്‍ ബോണ്ട് വഴി പണം വന്നതാണ് അന്വേഷിക്കേണ്ടത്. അതിനായി മോദിയെ വെല്ലുവിളിക്കുകയാണ്” എഎപി നേതാക്കള്‍ പറഞ്ഞു.