IndiaNEWS

അറസ്റ്റിനെതിരെ കേജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; പ്രത്യേക ബെഞ്ച് വൈകിട്ടോടെ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഇ.ഡി അറസ്റ്റ് നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അറസ്റ്റിനെതിരെ പിഎംഎല്‍എ കോടതിയില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ടു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. കേജ്രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി തന്നെയാണ് ഇക്കാര്യം കേസ് പരിഗണിക്കാനിരുന്ന ബെഞ്ചിനെ അറിയിച്ചത്.

കേജ്രിവാളിന്റെ ഹര്‍ജി അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയാറായിരുന്നില്ല. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ പ്രത്യേക ബെഞ്ച് വൈകിട്ടോടെ ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന്റെ പതിവു സിറ്റിങ് പൂര്‍ത്തിയായ ശേഷം മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Signature-ad

കേജ്രിവാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ രാവിലെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സ്‌പെഷല്‍ ബെഞ്ചില്‍ ഉന്നയിക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കെ. കവിതയുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്നു കോടതി അവധിയിലേക്കു കടക്കുമെന്നതു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെ റിട്ട് ഹര്‍ജി പരിഗണിക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ഇതു ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. തൊട്ടു പിന്നാലെ രണ്ടാം നമ്പര്‍ കോടതി മുറിയില്‍ ജസ്റ്റിസ് ഖന്നയുടെ റെഗുലര്‍ ബെഞ്ചിനു മുന്നില്‍ കേജ്രിവാളിന്റെ അഭിഭാഷകരെത്തി.

എന്നാല്‍, റിട്ട് ഹര്‍ജി ആയതിനാല്‍ മൂന്നംഗ ബെഞ്ചിനു മുന്നിലാണു വിഷയം ഉന്നയിക്കേണ്ടതെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പ്രത്യേക ബെഞ്ചിനു മുന്നിലാണ് വിഷയം ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്ന് ജസ്റ്റീസ് ഖന്നയുടെ റെഗുലര്‍ ബെഞ്ചിന്റെ വാദം പൂര്‍ത്തിയായ ശേഷം പ്രത്യേക ബെഞ്ച് ഈ ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Back to top button
error: