കഴിഞ്ഞ ദിവസം സെൻട്രല്‍ ഗാസയില്‍ നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ തുരങ്കശൃംഖല ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അമേരിക്കയില്‍ വൈറ്റ്ഹൗസ് വക്താവ് ജേക് സള്ളിവനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്‌ടോബർ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നത ഹമാസ് നേതാവാണ് ഈസ.ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസെദിൻ അല്‍ ഖ്വാസം ബ്രിഗേഡിന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു ഇയാൾ. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ ഈസയ്ക്കു നേരിട്ടു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
യുദ്ധമാരംഭിച്ചശേഷം ഹമാസിന്‍റെ ഒട്ടേറെ മുതിർന്ന കമാൻഡർമാരെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. ഹമാസിന്‍റെ രാഷ്‌ട്രീയവിഭാഗം നേതാവായിരുന്ന സലേ അല്‍ അരൂരി ലബനനിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഇസ്രയേലാണ്.
ഹമാസിന്‍റെ മറ്റു നേതാക്കള്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.അതേസമയം യുദ്ധം നിർത്തില്ലെന്ന് ഇസ്രായേലും ഹമാസ് നേതൃത്വത്തെ വേട്ടയാടുന്ന ഇസ്രയേലിന് അമേരിക്കയുടെ സഹായം തുടരുമെന്നു വൈറ്റ്ഹൗസ് വക്താവ് സള്ളിവനും വ്യക്തമാക്കി.