Social MediaTRENDING

മോദിയുള്ളതുകൊണ്ടാണ് കേരളം കഞ്ഞികുടിച്ച് പോകുന്നത്; പ്രസ്താവനയ്ക്കെതിരെ കെ സുരേന്ദ്രന് പൊങ്കാലയുമായി സോഷ്യൽ മീഡിയ 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല.പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള കേരളാ സന്ദർശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുയരുന്നത്.പ്രളയകാലത്ത് തന്ന അരിയുടെ കാശ് കേന്ദ്രം കണക്ക് പറഞ്ഞു വാങ്ങിയത് ആരും മറന്നിട്ടില്ലെന്നും കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്ക് സുരേന്ദ്രാ,പിന്നീടാകാം ഗീർവാണം എന്നുമൊക്കെയായിരുന്നു   കമന്റുകളിൽ ഭൂരിഭാഗവും.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച്‌ വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് അടുത്തിടെ സംസ്ഥാന ഏജൻസികളെ മാറ്റിയതിനെതിരെയും ആളുകൾ പ്രതിഷേധം ഉയർത്തി.
Signature-ad

എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.

പഴയ രീതി അനുസരിച്ച്‌ സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച്‌ 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കുമാണ് ഇങ്ങനെ വിതരണം ചെയ്തിരുന്നത്.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കിൽ റേഷൻ കടകൾ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തിൽ വാങ്ങിയായിരുന്നു.

പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല.അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറുകയും വേണം.അതാണ് അവർ 29 രൂപയ്ക്ക്  ഭാരത് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നത്.

ഇതിനെ മറികടക്കാനാണ് കേരളം കെ റൈസുമായി വന്നത് .തെലങ്കാനയിൽ നിന്ന്  കിലോഗ്രാമിന് 41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും സംസ്ഥാനത്ത്‌ വിൽക്കുന്നത്.എന്നിരിക്കെയാണ് കെ സുരേന്ദ്രന്റെ ഇന്നലത്തെ ഗീർവാണം!

നേരത്തെ തിരഞ്ഞെടുപ്പുകളിൽ രണ്ടു മണ്ഡലങ്ങളിൽ വരെ സ്ഥാനാർത്ഥിയാകാൻ ഒരുമ്പെട്ടിരുന്ന  സുരേന്ദ്രൻ ഇത്തവണ താൻ സ്ഥാനാർത്ഥി ആകുന്നില്ലെന്നു നേരത്തെ പ്രഖ്യാപിക്കുക മാത്രമല്ല,  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒരു പദയാത്രയുമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു.
ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനായാണോന്ന് ചോദിക്കരുത്.പദയാത്രയിൽ കേട്ട പാട്ട് കേന്ദ്ര സർക്കാരിന്റെ അഴിമതിയെക്കുറിച്ചായിരുന്നു.കേന്ദ്രം ഭരിക്കുന്നത് ആരാണെന്ന് ഇതിനിടയിൽ ആരോ പറഞ്ഞുകൊടുത്തതോടെ അദ്ദേഹം പദയാത്രയിൽ നിന്നും നൈസായി എസ്കേപ്പുമായി.പിന്നെ പൊങ്ങിയത്  പ്രധാനമന്ത്രി പങ്കെടുത്ത തിരുവനന്തപുരത്തെ സമ്മേളനത്തിലും.അത് അദ്ദേഹം ആരംഭിച്ച പദയാത്രയുടെ അവസാന വേദിയുമായിരുന്നു.
ഇത് ജനങ്ങളെല്ലാം മറന്നു തുടങ്ങിയപ്പോഴായിരുന്നു മറ്റൊരു പൂഴിക്കടകനുമായി കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.തൃശൂരിൽ സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ ‘കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ’ എന്ന അദ്ദേഹത്തിന്റെ പോസ്റ്റിൽ പങ്ക് വച്ചത് ബംഗാളികളുടെ ഫോട്ടോയായിരുന്നു.അതാകട്ടെ നാലും മൂന്നും ഏഴ് പേരും.ഇതും ആരോ പറഞ്ഞുകൊടുത്തതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.പക്ഷെ അതിന് മുൻപ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നുവെന്ന് മാത്രം!

Back to top button
error: