IndiaNEWS

”2 സീറ്റിനാണോ ഞാന്‍ ഇത്രയേറെ പ്രയത്‌നിച്ചത്?” ബിജെപിയോട് അതൃപ്തി കടുപ്പിച്ച് കുമാരസ്വാമി

ബംഗളൂരു: എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ എസിന് (ജെഡിഎസ്) കര്‍ണാടകയില്‍ 2 സീറ്റേ ബിജെപി നല്‍കാനിടയുള്ളൂ എന്ന സൂചനകള്‍ക്കിടെ അതൃപ്തിയുമായി ദള്‍ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. ഹാസന്‍, മണ്ഡ്യ സീറ്റുകള്‍ മാത്രമേ ദളിനു ലഭിക്കാനിടയുള്ളൂ. കോലാര്‍ സീറ്റ് ബിജെപി വിട്ടുകൊടുക്കില്ലെന്നുമാണു സൂചന. ഇതാണു കുമാരസ്വാമിയെ ചൊടിപ്പിച്ചത്.

2 സീറ്റിനു വേണ്ടിയാണോ താനിത്രയേറെ പ്രയത്‌നിച്ചതെന്ന് അദ്ദേഹം ചോദിച്ചു. 3 സീറ്റുകളെങ്കിലും ദളിനു ലഭിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവെഗൗഡയുടെ മരുമകന്‍ ഡോ. സി.എന്‍.മഞ്ജുനാഥ് ബിജെപി ചിഹ്നത്തില്‍ ബംഗളൂരു റൂറല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. ദളിനു വേണ്ടത്ര ആദരം നല്‍കണമെന്നും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും പാര്‍ട്ടിയുടെ സ്വാധീനമുണ്ടെന്ന് മനസ്സിലാക്കണമെന്നും ബിജെപിയോട് ആവശ്യപ്പെടാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Signature-ad

അതേസമയം, മകന് ലോക്‌സഭാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയെ ഉടന്‍ അനുനയിപ്പിക്കാനാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. ശിവമൊഗ്ഗയില്‍ ബിജെപി തിരഞ്ഞെടുപ്പു പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ ഈശ്വരപ്പ തയാറായില്ല.

ശിവമൊഗ്ഗ ലോക്‌സഭാ സീറ്റില്‍ യെഡിയൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ.രാഘവേന്ദ്രയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടില്‍ ഈശ്വരപ്പ ഉറച്ചു നില്‍ക്കുകയാണ്. മകന്‍ കെ.ഇ.കാന്തേഷിനു ഹാവേരി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണിത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന അനുനയ ചര്‍ച്ചകളില്‍നിന്ന് ഈശ്വരപ്പ ഇറങ്ങിപ്പോയിരുന്നു.

 

 

Back to top button
error: