CrimeNEWS

ആലുവയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന; എസ്.ഐയ്ക്കെതിരേ വകുപ്പുതല അന്വേഷണം

എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതിലെ കണ്ണികളാണ് ഇവര്‍. അതേസമയം, തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. സുരേഷ് ബാബുവാണ് കാര്‍ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയില്‍ നിന്നെടുത്ത കാര്‍ സുരേഷ്ബാബുവിന്റെ പക്കല്‍ നിന്നും മുഹമ്മദ് റിയാസ് വാടകയ്ക്കെടുത്തു. അന്‍വര്‍ കാര്‍ മുഹമ്മദ് റിയാസില്‍ നിന്നും വാടകയ്ക്കെടുത്തു. അന്‍വറാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് വാടകയ്ക്ക് നല്‍കിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം കാര്‍ ആലുവ പോലീസിന് കൈമാറി.

Signature-ad

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ആലുവ റൂറല്‍ ജില്ലാ എസ്.പി. ഡോ. വൈഭവ് സക്സേന പറഞ്ഞു. പ്രതികളെയോ വാദികളെയോ കണ്ടെത്തിയാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവയിലെ പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സംഘം അന്വേഷണം നടത്തും. തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആരും ഇതുവരെ പരാതിയുമായി രംഗത്ത് വരാത്തതും ദുരൂഹതക്കിടയാക്കുന്നുണ്ട്.

അതേസമയം, കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയ പത്തനംതിട്ട എ.ആര്‍. ക്യാമ്പ് എസ്.ഐ. സുരേഷ് ബാബുവിനെതിരേ പോലീസ് വകുപ്പുതല അന്വേഷണം നടത്തും. പത്തനംതിട്ട ഡിവൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പി. ആവശ്യപ്പെട്ടു.

Back to top button
error: