KeralaNEWS

തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പോലീസ്; പിന്നാലെ കൊട്ടാരക്കര സ്റ്റേഷനിൽ തീപിടുത്തം; സോഷ്യൽ മീഡിയയിൽ പൊങ്കാല 

തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു; ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന കേരള പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ തീപിടിത്തം.സംഭവത്തിൽ നിരവധി പേരാണ് പോലീസിനെ വിമർശിച്ചു രംഗത്തെത്തിയിരിക്കുന്നത്.

റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനല്‍ക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല.മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം.പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നത് എന്ന പോസ്റ്റിനൊപ്പം തീപിടിത്തങ്ങള്‍ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന തരത്തിലുള്ള നീണ്ട പോസ്റ്റും പോലീസ് പങ്ക് വച്ചിരുന്നു.

പോലീസിന്റെ പോസ്റ്റ്:

ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധവേണം.ചപ്പുചവറുകള്‍ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.

തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തീ കൂട്ടരുത്.

വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..

മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

പറമ്ബുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.

ഇലക്‌ട്രിക്ക് ലൈനുകള്‍ക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.

അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്ന് തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക.

സ്ഥാപനങ്ങള്‍ക്കുചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളില്‍ കരുതിയിരിക്കുന്ന അഗ്നിശമന ഉപകരണങ്ങള്‍ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുകയും ചെയ്യുക.

പാചകം കഴിഞ്ഞാലുടൻ സ്റ്റൗവിൻ്റെ ബർണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫാക്കുക.

അഗ്നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്ബോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്ബറും നല്‍കുക.

വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്ബോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. വൈദ്യുതോപകരണങ്ങളില്‍ തീ പിടിക്കുമ്ബോള്‍ വെള്ളം ഉപയോഗിച്ച്‌ കെടുത്താൻ ശ്രമിക്കരുത്.

കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദസഞ്ചാരികള്‍ക്കും ഉത്തരവാദിത്തമുണ്ട് – എന്നിങ്ങനെ പോകുന്നു പോലീസിന്റെ കുറിപ്പ്.

ഇതിന് പിന്നാലെയായിരുന്നു കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ തീപിടിത്തമുണ്ടായത്.സംഭവത്തിൽസ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പൂർണമായും മറ്റു ചിലത് ഭാഗികമായും കത്തിനശിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തീപിടിത്തമുണ്ടായത്.സ്റ്റേഷന്‍റെ പിൻഭാഗത്ത് മാലിന്യങ്ങള്‍ കത്തിക്കുന്ന സ്ഥലത്തു നിന്നുമാണ് തീ പടർന്നത്. ഇതിനടുത്തായി സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്.എന്നാല്‍ ഇന്നലെ ഞായറാഴ്ചയായിരുന്നതിനാല്‍ ഇവിടെ മാലിന്യങ്ങള്‍ കത്തിച്ചിരുന്നില്ല. മുൻപ് കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് തീ പടർന്നതായാണ് സംശയം.

സംഭവത്തിൽ പോലീസിനെ വിമർശിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.ഉപദേശം ഒരു രീതിയിൽ പ്രവൃത്തി മറ്റൊരു രീതിയിൽ.പോലീസിന്റെ തനി ഗുണമാണ് ഇത് – എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Back to top button
error: