KeralaNEWS

നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കി സിപിഐഎം കരിങ്കുന്നം ലോക്കൽ കമ്മറ്റി; വീടൊരുങ്ങുന്നത് കൈരളി മുൻ ന്യൂസ് എഡിറ്റർ സൗജന്യമായി നൽകിയ ഭൂമിയിൽ 

തൊടുപുഴ:രോഗത്തിന്റെ അവശതകള്‍ക്കിടയിലും പ്രമോദിന് ആശ്വസിക്കാം.തനിക്കും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാനൊരു വീട് ഉയരുകയാണ്.

സിപിഐ എം കരിങ്കുന്നം ലോക്കല്‍ കമ്മിറ്റിയാണ് നെല്ലാപ്പാറ മടങ്ങനാനിക്കല്‍ എം ബി പ്രമോദിനും കുടുംബത്തിനുമായി സ്‍നേഹ വീട് നിര്‍മിക്കുന്നത്.ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഞായറാഴ്ച വീടിന് കട്ടിളവച്ചു.

 സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീട് വെച്ച് നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുമെന്ന് ഈ‌ അവസരത്തിൽ അദ്ദേഹം പറഞ്ഞു.ദിവസങ്ങള്‍ക്ക് മുൻപ് തൊടുപുഴ വെസ്റ്റ് സിപിഐഎം ഏരിയ സെക്രട്ടറി ടി ആര്‍ സോമനാണ് വീടിന് കല്ലിട്ടത്.

Signature-ad

ഭൂരഹിത, ഭവനരഹിത സംസ്ഥാനമായി കേരളം മാറണമെന്ന ലക്ഷ്യത്തോടെ ജാതിമത രാഷ്‍ട്രീയ ഭേദമന്യേ ആണ് സിപിഐ എം പൊതുജന പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാതൃകാ പ്രവര്‍ത്തനമാണ് കരിങ്കുന്നത്തും ഏറ്റെടുത്ത് നടത്തുന്നത്.

ആഴ്‍ചയിൽ മൂന്നുദിവസം ഡയാലിസിസ് ആവശ്യമുള്ള കിഡ്നി രോഗിയാണ് പ്രമോദ്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം.കരിങ്കുന്നം ലോക്കൽ സെക്രട്ടറിയും കൈരളി ന്യൂസ് എഡിറ്ററുമായിരുന്ന കെ ജി ദിനകർ തന്റെ അച്ഛൻ ഗോപാലകൃഷ്‍ണപിള്ളയുടെ ഓര്‍മയ്‍ക്ക് സൗജന്യമായി നൽകിയ മൂന്ന് സെന്റിലാണ് സ്‍നേഹവീട് ഉയരുന്നത്.സ്വദേശത്തും വിദേശത്തുമുള്ള നിരവധി സുമനസുകളുടെ സഹായവും വീട് നിര്‍മാണത്തിന് പിന്നിലുണ്ട്.

സിപിഐ എം അരീക്കൽ ബ്രാഞ്ച് സെക്രട്ടറി വി കെ അജി അധ്യക്ഷനായി. സിപിഐ കരിങ്കുന്നം ലോക്കൽ സെക്രട്ടറി ജോഷി കെ മാത്യു ആശംസകള്‍ അര്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറി ടി ആർ സോമൻ, കെ ജി ദിനകർ, ഏരിയാ കമ്മറ്റിയംഗങ്ങളായ എം ആർ സഹജൻ, ആർ പ്രശോഭ്, കെ പി സുലോചന, കെ എസ് അനന്തു, പുറപ്പുഴ ലോക്കല്‍ സെക്രട്ടറി കെ എൻ പ്രഭാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: