
മലപ്പുറം: വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്.എടപ്പാളില്‍ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തികരിച്ച് ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു അനീഷ്.
ഞായറാഴ്ച നേരം പുലർന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാത്തതിനെ തുടർന്ന് അമ്മ സത്യ തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനു മുന്നിലെ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്.
പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയില്‍ നിന്ന് സ്വന്തം വണ്ടിയില്‍ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് ഉറങ്ങാൻ കിടന്നത്. ചങ്ങരംകുളം പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.






