ഒരുപാട് കാര്യം ചേച്ചിയോട് പറയാനുണ്ടെന്ന് പറഞ്ഞു; എനിക്ക് കുറ്റബോധമുണ്ട്; സുബിയെക്കുറിച്ച് മഞ്ജു പിള്ള
സിനിമാ രംഗത്ത് നിരവധി അടുത്ത സൗഹൃദങ്ങള്‍ നടി മഞ്ജു പിള്ളയ്ക്കുണ്ട്. സിനിമകളിലും സീരിയലുകളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടുള്ള മഞ്ജു പിള്ളയ്ക്ക് സിനിമകളില്‍ ഇപ്പോള്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അന്തരിച്ച നടി കല്‍പ്പനയ്ക്ക് പകരക്കാരിയായാണ് ഉര്‍വശിയെ ഇന്ന് പ്രേക്ഷകര്‍ കാണുന്നത്. കല്‍പ്പനയുമായി അടുത്ത സൗഹൃദം മഞ്ജു പിള്ളയ്ക്കുണ്ടായിരുന്നു. കല്‍പ്പന, സുബി സുരേഷ് തുടങ്ങിയവരുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പിള്ള.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് മഞ്ജു പിള്ള സംസാരിച്ചത്. മൈല്‍സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കല്‍പ്പന ചേച്ചിയും സുബിയും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് തമാശ പറയുന്ന ആള്‍ക്കാരാണ്. അവസാനം മിനി ചേച്ചി (കല്‍പ്പന) എന്നോട് വിളിച്ച് പറഞ്ഞ സംഭവമുണ്ട്.
അത്തം നക്ഷത്രക്കാര്‍ക്ക് മോശം സമയമാണ് മക്കളെ, നീ സൂക്ഷിക്കണം, പൃഥിരാജിനെ കണ്ടിരുന്നു ഫ്‌ലൈറ്റില്‍ വെച്ച്. ശരിയാണെന്ന് രാജുവും പറഞ്ഞു. സൂക്ഷിക്കണേ എന്ന് എന്നോട് പറഞ്ഞിട്ടാണ് പുള്ളിക്കാരി പോയി മരിച്ചത്. മിനി ചേച്ചിയും ഞാനും രാജുവും അത്തം നാളുകാരാണ്. അന്നത്തെ സംഭാഷണം തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് മഞ്ജു പിള്ള പറയുന്നു.
സുബിയെക്കുറിച്ചുള്ള ഓര്‍മ്മയും മഞ്ജു പിള്ള സംസാരിച്ചു. സുബി തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വിളിക്കും. അവളാകെ പോയി നില്‍ക്കുന്ന ഒരു കോ ആര്‍ട്ടിസ്റ്റിന്റെ വീട് എന്റേത് മാത്രമായിരിക്കും. വരുമ്പോഴൊക്കെ വിളിക്കും. ഞാനില്ലെങ്കില്‍ അമ്മയെ കാണാന്‍ വരും.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ചേച്ചീ എവിടെയുണ്ടെന്ന് വിളിച്ച് ചോദിച്ചു. കൊച്ചിയിലാണെടാ എന്ന് പറഞ്ഞു.
എനിക്ക് ചേച്ചിയെ ഒന്ന് കാണണം, എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് വന്നിട്ട് വിളിക്കെന്ന് പറഞ്ഞു. ചേച്ച് വരുമ്പോള്‍ ഞാനങ്ങോട്ട് വരുമെന്ന് സുബി. എന്നാ നീ ഇവിടെ വന്നിട്ട് വിളിക്കെന്ന് ഞാന്‍ പറഞ്ഞു. വന്നിട്ട് അവള്‍ എവിടെയോ ഷോയ്ക്ക് പോയി. പിന്നെ തിരിച്ച് വന്ന് ആശുപത്രിയിലായി. മമ്മിയാണ് എന്നോട് പറയുന്നത്. രണ്ട് മൂന്ന് ദിവസം മുമ്പ് വിളിച്ച് കുറേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞതാണല്ലോ, ഞാന്‍ വരാമെന്ന് പറഞ്ഞു.
വരാമെന്ന് പറഞ്ഞ അന്ന് മരിച്ചു. കുറ്റബോധം ഇപ്പോഴും മനസിലുണ്ട്, കാരണം സുബിക്ക് എന്തായിരിക്കും എന്നോട് പറയാനുണ്ടായിരുന്നത് എന്ന് താന്‍ ചിന്തിച്ചു. വീട്ടില്‍ അച്ഛനമ്മമാര്‍ മരിച്ചാലും നമ്മള്‍ അതിജീവിക്കുന്നില്ലേ, സമയം എല്ലാം ഹീല്‍ ചെയ്യും. പക്ഷെ ഉള്ളിന്റെയുള്ളില്‍ ആ വേര്‍പാട് നമുക്കൊരു നോവ് തന്നെയായിരിക്കും. പ്രിയപ്പെട്ടവര്‍ പോകുമ്പോള്‍ നമുക്ക് ജീവിച്ചേ പറ്റൂ, കൂടെ മരിക്കാന്‍ പറ്റില്ല. പക്ഷെ അവരുടെ വേര്‍പാട് എന്നും നമുക്കൊരു വേദന തന്നെയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടി സുബി സുരേഷിന്റെ മരണം. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് നടി മരണപ്പെട്ടത്. സുബി ചികിത്സയിലാണെന്ന് പോലും സഹപ്രവര്‍ത്തകരില്‍ മിക്കവര്‍ക്കും അറിയില്ലായിരുന്നു.