ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ട് പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ചിത്രം പകര്‍ത്തുകയുമായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്.
ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പടയപ്പയടക്കമുള്ള ആനകളുടെ അടുത്ത്നിന്ന് നാട്ടുകാരടക്കമുള്ളവര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇത് ആനകളെ പ്രകോപിപ്പിക്കുകയാണ്.
അതിനിടെ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണമുണ്ടായി. ആന മാട്ടുപ്പെട്ടിയിലെ വഴിയോരക്കട തകര്‍ക്കുകയും കടയ്ക്കുള്ളിലെ സാധനങ്ങളും ഭക്ഷിക്കുകയും ചെയ്തു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.