കൊച്ചി: സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു.
അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ഇതിനൊപ്പം ജീക്സണ് സിങ്, മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു.
ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറാം സ്ഥാനത്തുള്ള ജംഷേദ്പുർ എഫ്.സി.ക്ക്. 19 കളിയില്‍ 21 പോയിന്റുണ്ട്. ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.
പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ടീമിന് രണ്ടാംഘട്ടത്തില്‍ തിരിച്ചടിയായത്. സൂപ്പർ കപ്പ് മുതലിങ്ങോട്ടുള്ള കളികളിലായി 19 ഗോളുകളാണ് ടീം വഴങ്ങിയത്.