MovieNEWS

”ഒട്ടും വസ്ത്രമില്ലാതെ അല്ല ആ സിനിമയില്‍ അഭിനയിച്ചത്”… ആടൈയില്‍ ആടയില്ലാതെ(?) നടിച്ചത് വിശദീകരിച്ച് അമല

നീലത്താമരയില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തുകൊണ്ട് അഭിനയ ജീവിതം തുടങ്ങിയ നടിയാണ് അമല പോള്‍. 2010ല്‍ അമല പോള്‍ തമിഴ് ചിത്രം മൈനയിലൂടെ തമിഴ് സിനിമാ ലോകത്തും കാലെടുത്തു വെച്ചു. ആ ചിത്രത്തിന് അമലയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സിനിമ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമകളില്‍ സജീവമായിരുന്നില്ലെങ്കിലും അമല ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്.

ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് റിലീസിനൊരുങ്ങുന്ന അമലയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ നജീബിന്റെ ഭാര്യയായ സൈനുവെന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. താന്‍ ആടുജീവിതം വായിച്ചുകഴിഞ്ഞ് 2018 മുതല്‍ ഈ ചിത്രത്തിന്‍ പിന്നില്‍ ഉണ്ടെന്ന് അമല പറയുന്നു. മാത്രമല്ല നടി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. ജഗത് ദേശായിയാണ് ഭര്‍ത്താവ്.

നടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയാണെന്നും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും നടി അറിയിച്ചിരുന്നു. ഇപ്പോള്‍ ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അമല മുന്നെ ചെയ്ത ആടൈ സിനിമയുമായി ബന്ധപ്പെട്ടും പ്രതികരിച്ചിരുന്നു. വിവസ്ത്രയായി സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമാക്കുകയാണ് നടി.

”ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ വിശ്വാസം എന്നത് പ്രധാനമാണ്. ഞാന്‍ ഈ പടം ചെയ്യുമ്പോള്‍ എന്നില്‍ അത് എങ്ങനെ പ്രതിഫലിക്കും അല്ലെങ്കില്‍ എന്നെ എങ്ങനെയാണ് വരച്ചു കാണിക്കാന്‍ പോകുന്നത്, അതുമല്ലെങ്കില്‍ ഡയറക്ടര്‍, ക്യാമറ ഒക്കെ എങ്ങനെയാണ് ഇത് എടുക്കാന്‍ പോകുന്നത് എന്നൊക്കെയുള്ള വിശ്വാസം എനിക്ക് അത്യാവശ്യമാണ്. വസ്ത്രമില്ലാതെ അഭിനയിക്കുന്നു എന്നതല്ലല്ലോ അതിന്റെ ആശയം,” അമല പോള്‍ പറയുന്നു.

തന്റെ അടുത്ത് വന്ന് കഥ പറയുമ്പോള്‍ തന്നെ അവര്‍ വന്നിട്ട് അവരുടെ കാഴ്ചപ്പാട് എന്താണ് എന്ന് കൂടി അവര്‍ വ്യക്തമാക്കി തരുന്നുണ്ട്. അവര്‍ക്ക് അത് മനോഹരമായി ചിത്രീകരിക്കാനുള്ള ഒരു കാഴ്ചപ്പാട് വ്യക്തമായും ഉണ്ടായിരുന്നു. നമ്മുടെ ശരീരം സാങ്കേതികമായോ അല്ലെങ്കില്‍ അവിടെ സെറ്റിലുള്ള എലമന്റ്സ് വെച്ചിട്ട് എങ്ങനെയൊക്കെ മറയ്ക്കാന്‍ സാധിക്കുമോ ആ തരത്തിലൊക്കെ ചെയ്തു എന്നുള്ളത് ബ്രില്യന്റ് ആയി തോന്നി. അത് കലാപരമായി ചെയ്യുന്ന കാര്യം തന്നെ ആണല്ലോ എന്നും അമല പോള്‍ പറയുന്നു.

പിന്നെ എനിക്ക് അവരുടെ കൂടെ ഒരു ജേര്‍ണി തന്നെ ഉണ്ടായിരുന്നു. ഞാന്‍ അവരുടെ കൂടെ രണ്ട് മാസത്തോളം യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഗ്രൂപ്പ് ആയി പല സ്ഥലങ്ങളില്‍ പോകുന്നു, പ്രാങ്കുകള്‍ ചെയ്യുന്നു, സിനിമയിലേക്കുള്ള വസ്ത്രം എടുക്കാന്‍ പോയത് ഒരുമിച്ചാണ്. അത് ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് ആയിരുന്നു. അതില്‍ നല്ല ഒരു സൗഹൃദം ഉണ്ടായിരുന്നു.

ആ സൗഹൃദം വന്നതിന് ശേഷം എനിക്ക് ഒരു ട്രസ്റ്റ് വന്നതിന് ശേഷമാണ് സിനിമ ഷൂട്ട് ചെയ്തത്. ഞാന്‍ ആ സിനിമയില്‍ ഒട്ടും വസ്ത്രമില്ലാതെ ഒന്നും അല്ല നിന്നത്. ആള്‍ക്കാര്‍ ഒക്കെ എങ്ങനെയാണ് അങ്ങനെ ധരിച്ച് വെച്ചതെന്ന് എനിക്ക് അറിയില്ല. ഒത്തിരി സാങ്കേതികതയുടെ സഹായത്തോടെ കൂടിയാണ് അത് ചെയ്തത്. ശരീരത്തിന്റെ നിറത്തിലുള്ള ഷോര്‍ട്സും കാര്യങ്ങളുമൊക്കെ ഞാന്‍ ധരിച്ചിരുന്നു.

എന്നിരുന്നാല്‍ പോലും ഇത്തരം ഒരു ചിത്രം ചെയ്യാന്‍ നിങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സ് വേണം. ആണായാലും പെണ്ണായാലും നമ്മുടെ ഒക്കെ കോണ്‍ഫിഡന്‍സ് ഘടകം ആണ് നമ്മുടെ മുടി, വസ്ത്രം ഒക്കെ. നമ്മള്‍ ഒക്കെ അതിന്റ പിന്നില്‍ ഒളിക്കുന്നവരാണ്. അതില്‍നിന്ന് പുറത്ത് വരിക എന്ന് പറഞ്ഞാല്‍ അതിന് നല്ല ധൈര്യം വേണം എന്നും അമല പോള്‍ അഭിമുഖത്തില്‍ പറയുന്നു.

 

 

Back to top button
error: