IndiaNEWS

കേരളത്തിന് 5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10,000 കോടിയെങ്കിലും വേണമെന്ന് കേരളം

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍. 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കും. അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഈ തുക കുറയ്ക്കും. 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുമതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനായിരുന്നു കോടതി നിര്‍ദേശം.ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നല്‍കാന്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. എല്ലാ ചര്‍ച്ചകളും പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടല്‍ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് 5,000 കോടി നല്കാമെന്ന കേന്ദ്ര നിര്‍ദേശം കോടതി തള്ളി. ഈ സാമ്പത്തിക വര്‍ഷം നല്‍കേണ്ട സഹായം അടിയന്തരമായി നല്‍കണമെന്ന നിലപാടിലായിരുന്നു കോടതി.

Signature-ad

കേരളത്തിന് വേണ്ടി ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രതിരോധം തീര്‍ത്തു. തല്‍ക്കാലം സഹായിച്ച ശേഷം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കണക്കില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും ബെഞ്ച് മുന്നോട്ടുവച്ചു. ഇതോടെ രക്ഷാ പാക്കേജിന് കേന്ദ്രം സമ്മതിച്ചിരുന്നു. അല്പം വിശാലമനസോടെ കാര്യങ്ങള്‍ കാണണമെന്ന് കേന്ദ്രത്തിന് ഉപദേശം നല്‍കിയാണ് കേരളത്തിന് മുന്നില്‍ കോടതി രക്ഷാവാതില്‍ തുറന്നിട്ടത്.

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ സുപ്രിംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ള 13,608 കോടി രൂപ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഹരജി നല്‍കിയത്.

 

Back to top button
error: