KeralaNEWS

ആന്‍റണി രാജു തൊണ്ടി മുതൽ  മാറ്റി നൽകി തെളിവു നശിപ്പിച്ച  കേസ്; പ്രതിയുമായി സംസ്ഥാന സർക്കാർ കൈ കോർക്കുന്നോ  എന്ന്  സുപ്രീം കോടതി

     മുൻ മന്ത്രി ആന്‍റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ​ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ചൊവ്വാഴ്ച ഈ കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

Signature-ad

സംസ്ഥാന സർക്കാർ ഈ കേസിൽ ഇതുവരെയും എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്.

‘നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ’ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സ്റ്റാൻഡിങ് കൗൺസലിനോടു ചോദിച്ചു. ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം‍ സമർപ്പിക്കാൻ വൈകുന്നതെന്നും ആരാഞ്ഞു.

എന്താണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ള തടസ്സമെന്ന് ചോദിച്ച കോടതി, എത്രയും വേഗം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുപോലുള്ള നടപടികൾ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം എയർപോർട്ടിൽ  1990 ഏപ്രിൽ 4നു ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്നു രക്ഷിക്കാൻ, തൊണ്ടിയായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവു നശിപ്പിച്ചു എന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.

പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതിനു എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും മറുപടി നൽകാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്.

Back to top button
error: