കർണാടകയിൽ നിറം പൂശിയ പഞ്ഞി മിഠായിയുടെ ഉപയോഗം നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൂടാതെ, ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൃത്രിമ നിറത്തിൻ്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
നിറമുള്ള പഞ്ഞി മിഠായിയിൽ അപകടകരമായ മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. കളർ പഞ്ഞി മിഠായി ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കും. നിറം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പഞ്ഞി മിഠായിയാണ് വിൽക്കാൻ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ഞി മിഠായിക്ക് പിങ്ക് നിറം നൽകാൻ റോഡാമൈൻ ബി എന്ന രാസവസ്‌തു ഉപയോഗിക്കുന്നു. അർബുദത്തിന് കാരണമാകുന്ന വസ്തുവാണ് ഇത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമികൽ ഡൈയാണ് റോഡാമൈൻ ബി. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്. നിയമം ലംഘിച്ചാൽ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ പിഴ ചുമത്തുമെന്നും മന്ത്രി പറഞ്ഞു.
ഗോബി മഞ്ചൂരി നിരോധിക്കാൻ പറ്റാത്ത ഒരു സസ്യാഹാരമാണ്. എന്നാൽ, ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോൾ കൃത്രിമ നിറം ഉപയോഗിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്തുടനീളം 170-ലധികം ഗോബി മഞ്ചൂരികളുടെ സാംപിളുകൾ പരിശോധിച്ചതിൽ 107 സാംപിളുകളിൽ ഹാനികരമായ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. ടാർട്രസീൻ, സൺ സെറ്റ് യെലോ, കാർമോസിൻ എന്നീ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഗോബി മഞ്ചൂരി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.