ലോസ് ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പന്‍ഹൈമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഒപ്പന്‍ഹൈമറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി.
പുവര്‍ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന്‍ ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാര്‍ട്ടിന്‍ സ്‌കോസെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിക്കുമെന്ന് വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എട്ട് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ബാര്‍ബിക്ക് മികച്ച ഒറിജില്‍ സോങ്ങ് വിഭാഗത്തില്‍ മാത്രമായിരുന്നു പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്സ്, മാസ്ട്രോ, പാസ്റ്റ് ലീവ്സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു സിനിമകള്‍.
നിഷ പഹുജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്. എന്നാല്‍, യുക്രൈന്‍ ഡോക്യുമെന്ററിയായ ’20 ഡേയ്സ് ഇന്‍ മരിയോപോളി’നെയാണ് പുരസ്‌കാരം തേടിയെത്തിയത്.