അതേസമയം മുൻ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇങ്ങനെ പലതും മോഹിച്ചും കലഹിച്ചും ബി.ജെ.പി പാളയത്തിലെത്തിയ രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇന്നത്തെ അവസ്ഥ എന്താണ്?
ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചവരും ആ പാർട്ടിക്കായി നാടുനീളെ പ്രസംഗിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് സർവിസില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർഥിയായ അദ്ദേഹം 34,329 വോട്ടാണ് നേടിയത്. വായനയും പുസ്തകരചനയുമൊക്കെയായി ഇന്ന് എറണാകുളം പള്ളിക്കരയിലെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണ് അദ്ദേഹം.
ആർ.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ന്യൂനപക്ഷത്തിന്‍റെ മതതീവ്രവാദമാണ് എതിർക്കപ്പെടേണ്ടതെന്നും പ്രഖ്യാപിച്ചാണ് ഡി.ജി.പിയുടെ യൂനിഫോം അഴിച്ചുവെച്ച ശേഷം ടി.പി. സെൻകുമാർ സംഘ്പരിവാറിനൊപ്പം കൂടിയത്. ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാൻ രൂപവത്കരിച്ച ശബരിമല കർമസമിതി ദേശീയ ഘടകത്തിന്‍റെ ഉപാധ്യക്ഷനായി.ഇന്ന് ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനുപോലും അദ്ദേഹത്തെ ആരും വിളിച്ചിട്ടില്ല.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അല്‍ഫോൻസ് കണ്ണന്താനം 2011 മാർച്ചിലാണ് ബി.ജെ.പിയില്‍ ചേർന്നത്.കേന്ദ്രമന്ത്രിയും 11 വർഷം പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗവുമായി. നിലവില്‍ പാർട്ടിയില്‍ ഭാരവാഹിത്വമോ മറ്റ് ചുമതലകളോ ഒന്നുമില്ല. താനിന്ന് സാധാരണ പ്രവർത്തകൻ മാത്രമാണെന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന കണ്ണന്താനം പറയുന്നു.
2021 ഫെബ്രുവരി 18ന് ബി.ജെ.പിയില്‍ ചേർന്ന മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് 35.34 ശതമാനം വോട്ട് പിടിച്ചു. അതേ വർഷം ഡിസംബറില്‍ സജീവ രാഷ്ട്രീയം വിട്ട ശ്രീധരൻ ഇപ്പോള്‍ ബി.ജെ.പി പരിപാടികളിലൊന്നുമില്ല.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കൻ ഇപ്പോള്‍ പാർട്ടി ദേശീയ വക്താവാണ്.പക്ഷെ എങ്ങും കാണാനില്ലെന്ന് മാത്രം.ബി.ജെ.പിയിലേക്ക് പോയ സംവിധായകൻ രാജസേനൻ പിന്നീട് സി.പി.എമ്മിലെത്തി. കഴിഞ്ഞ തവണ പത്തനാപുരത്ത് ബി.ജെ.പി സ്ഥാനാർഥിയിരുന്ന നടൻ ഭീമൻ രഘുവും ഇപ്പോള്‍ സി.പി.എമ്മിനൊപ്പമാണ്. ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) കഴിഞ്ഞവർഷം ജൂണിലാണ് ബി.ജെ.പി വിട്ടത്.