കോട്ടയം: കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദര്‍ശനില്‍ കുമരകവും ഇടം നേടി. കുമരകത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് തുറന്നുനല്‍കാന്‍ കഴിയുന്ന പദ്ധതികളുണ്ടാവണമെന്ന തോമസ് ചാഴികാടന്‍ എം പിയുടെ നിരന്തര ആവശ്യമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്വ, സുസ്ഥിര വിനോദസഞ്ചാരപദ്ധതിയുടെ സാധ്യത കുമരകത്തിന് പ്രയോജനപ്പെടുത്തുന്നതടക്കം ലോകസഭയില്‍ ഏഴുതവണ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭയുടെ ശ്രദ്ധനേടാന്‍ തോമസ് ചാഴികാടന് കഴിഞ്ഞിരുന്നു.
2014-15 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്രവിനോദസഞ്ചാരവകുപ്പ് ആകര്‍ഷക പദ്ധതിയായി സ്വദേശി ദര്‍ശന്‍ ആരംഭിച്ചത്. 2018-19 വരെ രാജ്യത്ത് 76 പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ സ്വദേശി ദര്‍ശന്‍ 2.0 (എസ്ഡി 2.0) എന്ന പേരിലുള്ള പുതിയ നീക്കത്തിലാണ് കുമരകത്തിന് വിനോദസഞ്ചാരവികസനഭൂപടത്തില്‍ ഇടം നേടാനായത്.
രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് കുമരകത്തിന് മാത്രമാണ് ഇടം നേടാന്‍ കഴിഞ്ഞതെന്നത് വലിയ നേട്ടമായി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തിന്റേയും മനുഷ്യസമ്പത്തിന്റേയും വികസനം ഉറപ്പാക്കാന്‍ കഴിയുംവിധമാണ് സ്വദേശി ദര്‍ശന്‍ 2.0 ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമസ്തമേഖലകളിലും വികസനമെത്തിക്കാന്‍ കഴിയും.
സ്ഥാപനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം സംസ്‌കാരം, പാരമ്പര്യം, സാഹസികം, പ്രകൃതി, ഗ്രാമീണം, കടല്‍ത്തീരം എന്നിങ്ങനെയുള്ള സാധ്യതകള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായി വികസിപ്പിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ ഗതാഗത സൗകര്യങ്ങളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂടവുമായി ആലോചിച്ച് സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ സാധ്യതകളുളവാക്കുന്ന വികസനമുന്നേറ്റമാണ് പദ്ധതിയിലൂടെ കരഗതമാകുന്നത്. പദ്ധതി നിര്‍വഹണം, ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ജമ്മുകാശ്മീരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിക്കും.