CrimeNEWS

ഭാര്യ വിമാനത്താവളത്തിലെത്താന്‍ വൈകി; വിമാനം വൈകിപ്പിക്കാന്‍ ഭര്‍ത്താവിന്റെ വ്യാജ ബോംബ് സന്ദേശം

മുംബൈ: ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ വിമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റില്‍. വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയാണ് ഇയാള്‍ മുംബൈയില്‍ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുന്‍പായാണ് സംഭവം. ആകാശ് എയര്‍ലൈന്‍സില്‍ വിളിച്ചാണ് ഇയാള്‍ വ്യാജ സന്ദേശം നല്‍കിയത്.

വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ ഉടന്‍ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു. ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി.

Signature-ad

എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോണ്‍ കോള്‍ വ്യാജമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. ഏറെ വൈകി അര്‍ധരാത്രിയോടെയാണ് വിമാനം മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താന്‍ ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാല്‍ വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്നാണ് വ്യാജ ഫോണ്‍ സന്ദേശം നല്‍കാന്‍ ഭര്‍ത്താവ് മുതിര്‍ന്നത്. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കാം.

 

Back to top button
error: